| Monday, 11th March 2024, 3:08 pm

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവം; ആദായനികുതി വകുപ്പിന്റെ ഉത്തരവിനെതിരെ കോൺ​ഗ്രസ് ഹൈക്കോടതിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നികുതി റിട്ടേൺ അടച്ചില്ലെന്ന പേരില്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തില്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. നടപടി റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് തന്‍ഖയാണ് കോടതിയില്‍ ഹാജരായത്.

രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഗുരുതര പ്രശ്‌നമാണെന്ന് ഹരജി സമര്‍പ്പിച്ച് കൊണ്ട് വിവേക് തന്‍ഖ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ക്കെതിരായ നടപടി റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം വെള്ളിയാഴ്ചയാണ് ആദായനികുതി വകുപ്പ് തള്ളിയത്.

ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവില്‍ തങ്ങള്‍ നിരാശരാണെന്നും വിധിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വിവേക് തന്‍ഖ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവം ജനാധിപത്യത്തിന് എതിരായ ആക്രമണം ആണെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.

ഫെബ്രുവരി 16നാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഉള്‍പ്പടെ പാര്‍ട്ടിയുടെ ഒമ്പത് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. പിന്നാലെ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അപ്പലറ്റ് ട്രിബ്യൂണല്‍ ആണ് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചത്.

അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചെങ്കിലും 65 കോടി രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആരോപിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തടസപ്പെടുത്തലാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ആരോപിച്ചു.

Content Highlight: Congress Moves Delhi High Court In Tax Penalty Case

We use cookies to give you the best possible experience. Learn more