| Wednesday, 12th December 2018, 10:25 am

തെരഞ്ഞെടുപ്പ് ജയം ഊര്‍ജമാക്കി കോണ്‍ഗ്രസ് ലോക്‌സഭയില്‍; റാഫേലില്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി തേടിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തകര്‍പ്പന്‍ ജയത്തിന്റെ ഊര്‍ജത്തില്‍ ഇന്ന് ലോക്‌സഭയില്‍ അടിയന്തരപ്രമേയനീക്കവുമായി കോണ്‍ഗ്രസ്. റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് ഇന്ന് അടിയന്തരപ്രമേയ നോട്ടീസിന് അനുമതി തേടിയേക്കും.

ലോക്‌സഭാ സമ്മേളനത്തിന് മുന്‍പായി സ്പീക്കര്‍ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാഫേല്‍, സി.ബി.ഐ, ആര്‍.ബി.ഐ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് അറിയിച്ചിരുന്നു.

ALSO READ: രാജസ്ഥാനില്‍ തിരക്കിട്ട ചര്‍ച്ചകള്‍; എം.എല്‍.എമാരുമായി ചര്‍ച്ചയ്ക്ക് ഹൈക്കമാന്റ്

നേരത്തെ ആരോഗ്യപരമായ ചര്‍ച്ചയ്ക്ക് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഉപയോഗപ്പെത്തുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നത്.

അതേസമയം കോണ്‍ഗ്രസിന്റെ രാജ്യസഭാ നേതാവ് ഗുലാം നബി ആസാദ് റാഫേല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്ലാ വിഷയത്തിലും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ റാഫേല്‍ ഇടപാടില്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.

ALSO READ: തങ്ങള്‍ ഉദ്ദേശിച്ച തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം അല്ല പുറത്തു വന്നത്; അരുണ്‍ ജെയ്റ്റ്‌ലി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്  ഫലത്തിന്റെ തിളക്കത്തിലാണ് കോണ്‍ഗ്രസ് സഭയിലെത്തുക. സുപ്രധാന ബില്ലുകള്‍ പാസ്സാക്കുന്നത് ഇനി ബി.ജെ.പിയ്ക്ക് ലോക്‌സഭയില്‍ എളുപ്പമാകില്ല.

എന്നാല്‍, പ്രതിപക്ഷ ആരോപണത്തെ എതിര്‍ക്കാന്‍ ബി.ജെ.പിക്ക് ഇക്കുറി രണ്ട് പ്രധാന വിഷയങ്ങളാണ് കൈമുതലായുള്ളത്. ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലേക്ക് എത്തിച്ചതും വിവാദ വ്യവസായി വിജയ് മല്യയ്ക്ക് എതിരായ ലണ്ടന്‍ കോടതി വിധിയും അനുകൂലമായി ഭരണപക്ഷം സഭയില്‍ ഉയര്‍ത്തിക്കാട്ടും.

ജനുവരി എട്ടുവരെ നീളുന്ന സമ്മേളനത്തില്‍ പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍, ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍, മുത്തലാഖ് നിരോധന ബില്‍ തുടങ്ങി 45 ബില്ലുകളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more