[വീഡിയോ] നരേന്ദ്ര മോദിക്ക് ശേഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു... അടുത്ത ബി.ജെ.പി തരംഗം; ലോക ചിരിദിനത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ ട്രോള്‍ ചെയ്ത് കോണ്‍ഗ്രസ്
Biplab Kumar Deb
[വീഡിയോ] നരേന്ദ്ര മോദിക്ക് ശേഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു... അടുത്ത ബി.ജെ.പി തരംഗം; ലോക ചിരിദിനത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ ട്രോള്‍ ചെയ്ത് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th May 2018, 8:17 pm

ന്യൂദല്‍ഹി: ലോക ചിരി ദിനത്തില്‍ ബിപ്ലബ് ദേബിനെക്കുറിച്ച് ട്രോള്‍ വീഡിയോ പുറത്തിറക്കി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് കോണ്‍ഗ്രസ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ദിവസം ഒരോ ബിപ്ലബിസം കൊണ്ടുവന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ച് വിടാം എന്ന ക്യാപ്ഷനോടെയാണ് കോണ്‍ഗ്രസ് വീഡിയോ പോസ്റ്റ് ചെയ്തത്. നരേന്ദ്ര മോദിക്ക് ശേഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു…. ബി.ജെ.പിയിലെ പുതിയ തരംഗം എന്നാണ് വീഡിയോ തുടങ്ങുന്നത്. ബിപ്ലബ് ദേബ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം പൊതു സദസില്‍ പറഞ്ഞിട്ടുള്ള അബദ്ധപ്രസ്താവനകള്‍ കോര്‍ത്തിണക്കിയാണ് രണ്ടര മിനുറ്റ് വീഡിയോ.

ഭരണത്തിലേറി ഒരു മാസം പിന്നിടും മുമ്പേ തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയിട്ടുണ്ട് ബിപ്ലബ് ദേബ്. മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ട് ബിപ്ലവ് ദേബ് അപഹാസ്യനായിരുന്നു. വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ തന്റെ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ചാണ് ത്രിപുര മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരുവര്‍ഷം 104 സാറ്റലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നും അദ്ദേഹം വാദിച്ചു.


Read | അവാര്‍ഡ് വാങ്ങി വലിച്ചെറിയാനുള്ള പദ്ധതി ഐ.ബി തിരിച്ചറിഞ്ഞു; കേന്ദ്രം തകര്‍ത്തത് ഫഹദിന്റെ ഗൂഢാലോചന; ‘മാരക’ വിശദീകരണവുമായി ബി.ജെ.പി പത്തനംതിട്ട പേജ്


ബിപ്ലബ് ദേബിന്റെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും അബദ്ധവും വര്‍ഗ്ഗീയവുമായ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ച് തുടങ്ങിയപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കാന്‍ നരേന്ദ്രമോദിക്ക് ആവശ്യപ്പെടേണ്ടി വന്നു. നമ്മള്‍ തെറ്റുവരുത്തുകയും മാധ്യമങ്ങള്‍ക്ക് മസാല നല്‍കുകയുമാണ്. ക്യാമറ കണ്ടാലുടന്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നത്.. ഈ വിവരംകെട്ട പ്രസ്താവനകളാണ് മാധ്യമങ്ങള്‍ വിമര്‍ശനത്തിനായി ഉപയോഗിക്കുന്നത്. ഇത് മാധ്യമങ്ങളുടെ കുറ്റമല്ലെന്നും നമോആപ്പിലൂടെ നടത്തിയ കോണ്‍ഫറന്‍സില്‍ ബി.ജെ.പി എം.പിമാരോടും എം.എല്‍.എമാരോടും മോദി പറഞ്ഞു.

എന്നാല്‍ അതിന് ശേഷവും വിവാദപ്രസ്താവനകളുമായി ബിപ്ലവ് ദേബ് രംഗത്തെത്തി. ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകം ഐശ്വര്യ റായിയാണ്, ഡയാന ഹെയ്ഡനല്ലെന്നും മമത ബാനര്‍ജിക്ക് മനോരോഗമാണെന്നും ബിപ്ലബ് ദേബ് പ്രസ്താവനയിറക്കിയിരുന്നു.


Read | മോദിയുടെ റാലിയില്‍ രജ്ദീപ് സര്‍ദേശായിയെ അധിക്ഷേപിച്ച് അണികള്‍; നോക്കി നിന്ന് നേതാക്കള്‍


അതിനിടെ, ത്രിപുരയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ 54 കാരന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അടുത്ത സുഹൃത്തും ബി.ജെ.പി അനുയായിയുമാണെന്ന വാര്‍ത്ത പുറത്ത് വന്നതും ബിപ്ലബിന്റെ പ്രതിഛായ തകര്‍ത്തു. കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്നയാളാണ് കേസില്‍ അറസ്റ്റിലായത്. ഇയാള്‍ നാല് തവണയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

സിവില്‍ സര്‍വീസിന് മെക്കാനില്‍ക്കല്‍ എജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എഞ്ചിനിയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നുമുള്ള ബിപ്ലവ് ദേബിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

തൊഴിലിന് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളുടേയും നേതാക്കളുടേയും പിന്നാലെ പോകാതെ സ്വന്തമായി പാന്‍ കട തുടങ്ങണമെന്ന പ്രസ്താവനയും വിവാദമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിപ്ലബ് ദേബിനെ നേരിട്ട് വിളിപ്പിച്ചിരുന്നു.

എന്നാല്‍ അതിനു ശേഷവും ബിപ്ലബ് വിവാദ പ്രസ്താവന ആവര്‍ത്തിച്ചു. അധികാരത്തെ ചോദ്യം ചെയ്യുന്നവരുടെ നഖങ്ങള്‍ മുറിച്ചുമാറ്റുമെന്നാണ് കഴിഞ്ഞ ദിവസം ബിപ്ലബ് പൊതുവേദിയില്‍ പ്രസംഗിച്ചത്.