|

രണ്ടാം തോല്‍വി ഏറ്റുവാങ്ങി മോദി; ഒന്നാമത്തേത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞുടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. മോദി രണ്ടാം തവണയും തോല്‍വി ഏറ്റുവാങ്ങിയെന്നും ആദ്യ തോല്‍വി എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നുവെന്നും കോണ്‍ഗ്രസ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണ് മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്.

‘കോണ്‍ഗ്രസ് കേരള’ എന്ന ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രതികരണം. വോട്ടെണ്ണല്‍ ആരംഭിച്ച് ഏഴ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മോദി 145091 വോട്ടിന്റെ ലീഡുമായി മുന്നേറുന്നുണ്ടെങ്കിലും, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് മോദി വളരെ പിന്നിലാണ്. 449786 വോട്ടുകളുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അജയ് റായ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

അതേസമയം വോട്ടെണ്ണലിന്റെ ഏഴ് മണിക്കൂര്‍ പിന്നിടുമ്പോള്‍ വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി തന്റെ ലീഡ് ഉയര്‍ത്തുകയാണ്. റായ്ബറേലിയില്‍ 385501 വോട്ടിന്റെ ലീഡാണ് രാഹുലിന് ഉള്ളത്. ഇതുവരെ ലഭിച്ചത് 679173 വോട്ടുകളും. അതേസമയം നരേന്ദ്ര മോദിയ്ക്ക് ലഭിച്ചിരിക്കുന്നത് 603835 വോട്ടും.

വയനാട്ടില്‍ 359170 വോട്ടിന്റെ ലീഡുമായി രാഹുല്‍ തന്റെ ലീഡുനില നാല് ലക്ഷത്തിലേക്ക് ഉയര്‍ത്തുകയാണ്. ഇതുവരെ നേടിയിരിക്കുന്നത് 637028 വോട്ടും. ഈ വോട്ടുവിഹിതത്തിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗസ് നേതൃത്വത്തിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും മുസ്‌ലിങ്ങൾക്കും വിതരണം ചെയ്യുമെന്ന് നരേന്ദ്രമോദി പ്രസംഗിച്ച രാജസ്ഥാനിലെ ബന്‍സ്വാരയിലും ബി.ജെ.പി തിരിച്ചടി നേരിടുകയാണ്. ഇവിടെ ഇന്ത്യാ സഖ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്.

അതേസമയം ബീഹാറിലും ഉത്തര്‍പ്രദേശിലും വോട്ടെണ്ണല്‍ വൈകിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞടുപ്പ് കമ്മീഷന്റെത് അസാധാരണ നടപടിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബീഹാറിലും യു.പിയിലും നിരവധി സീറ്റുകളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെണ്ണല്‍ വൈകിപ്പിക്കുന്നത് എന്തിനാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം.

Content Highlight: Congress mocks Narendra Modi as counting of votes for Lok Sabha polls is in progress