| Sunday, 15th March 2020, 1:05 pm

'ഞങ്ങള്‍ക്ക് പേടിയില്ല, പക്ഷേ, ബി.ജെ.പിക്കുണ്ട്'; ജയ്പൂരില്‍നിന്നും എം.എല്‍.എമാര്‍ തിരിച്ചെത്തുന്നു; വിമതരുമായി ബന്ധപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ജെയ്പൂരിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എം.എല്‍.എമാരും സ്വതന്ത്ര എം.എല്‍.എമാരും ഭോപാലില്‍ തിരിച്ചെത്തുന്നു. കോണ്‍ഗ്രസ് സഭയില്‍ വിശ്വാസ വോട്ട് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച എം.എല്‍.എമാര്‍ വിജയ ചിഹ്നം ഉയര്‍ടത്തിക്കാണിച്ചാണ് വിമാനത്താവളത്തില്‍ എത്തിയത്.

പാര്‍ട്ടി വിമത എം.എല്‍.എമാരെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് വ്യക്തമാക്കി. ‘ഞങ്ങള്‍ വിശ്വാസവോട്ടെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. അതില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങള്‍ക്ക് മാനസിക തകര്‍ച്ചയില്ല, പക്ഷേ ബി.ജെ.പിക്കുണ്ട്. വിമത എം.എല്‍.എമാരുമായും ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്’, ഹരീഷ് റാവത്ത് പറഞ്ഞു.

അതേസമയം, വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ അവസാന ഘട്ട പ്രയത്‌നങ്ങളിലാണ് കമല്‍ നാഥ്. ഭോപാലില്‍ അദ്ദേഹം അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു. ജെയ്പൂരിലേക്ക് മാറ്റിയിരിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ഉച്ചയോടെ നിര്‍ണായക ചര്‍ച്ച നടത്തുമെന്നാണ് വിവരം.

ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിശ്വാസവോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കാരിന് ഭൂരുപക്ഷം നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിശ്വാസവോട്ടെടുപ്പ് നടത്താന്‍ അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കമല്‍നാഥ് കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. ആര്‍ട്ടിക്കിള്‍ 175 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി. ശനിയാഴ്ച അര്‍ധരാത്രിയാണ് ഗവര്‍ണര്‍ കമല്‍നാഥിന് വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കൈമാറിയത്.

എം.എല്‍.എമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തുടര്‍ന്ന് ഭരിക്കാന്‍ അവകാശമില്ലെന്നും ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. ബി.ജെ.പിയുടെ ആരോപണം ശരിവെച്ച ഗവര്‍ണര്‍ ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more