പനാജി: എം.എല്‍.എ സ്ഥാനം രാജിവെച്ച് സംസ്ഥാനത്തിന് പുറത്തേക്ക് പോയ കോണ്‍ഗ്രസ് എം.എല്‍.എമാരെ കുരങ്ങന്മാരെന്ന് അധിക്ഷേപിച്ച് ഗോവ ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായ്. കോണ്‍ഗ്രസ് എം.എല്‍.എയായ അലക്‌സോ റെജിനാള്‍ഡോ ലോറെന്‍സോയുടെ സാന്നിധ്യത്തിലാണ് വിജയ് സര്‍ദേശായിയുടെ പരാമര്‍ശം.
സര്‍ദേശായിയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് കുരങ്ങന്മാര്‍ മനുഷ്യാവാസങ്ങളില്‍ കയറാതിരിക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച നടപടിയെ അഭിനന്ദിച്ച് കൊണ്ട് സംസാരിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
‘എനിക്കറിയാം റെജിനാള്‍ഡോ കുരങ്ങന്മാരെ ആലോചിച്ച് ആശങ്കാകുലനാണെന്ന്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ചില എം.എല്‍.എമാര്‍ തന്നെ കുരങ്ങുകളായിരിക്കുകയാണ്.’
‘ ചാടാന്‍ തയ്യാറായി കുറേ കുരങ്ങന്മാര്‍ കോണ്‍ഗ്രസിലുണ്ട്. മാധ്യമങ്ങളില്‍ നിന്നാണ് ഞങ്ങളീ വാര്‍ത്തകള്‍ അറിയുന്നത്. ഞങ്ങള്‍ അവര്‍ക്ക് സ്ഥലം നല്‍കില്ല.’ ബി.ജെ.പി സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് കൂടിയായ വിജയ് സര്‍ദേശായ് പറഞ്ഞു.
നേരത്തെ മുംബൈയിലായിരുന്ന കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ ഗോവയിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്. മുംബൈയിലെ സോഫിടെല്‍ ഹോട്ടലിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.