| Monday, 10th December 2012, 1:29 pm

വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം: കോണ്‍ഗ്രസ് എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. നിയമസഭ ചേരുന്നതിനുമുമ്പായുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എം.എല്‍.എമാര്‍ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം നടത്തിയത്.[]

വിലക്കയറ്റം തടയുന്നതിലും അരിവില നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. പൊതു വിതരണരംഗം താറുമാറായി. മണല്‍ മാഫിയയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.

പോലീസ്-രാഷ്ട്രീയ പിന്തുണയോടെയാണ് സംസ്ഥാനത്ത് മണല്‍ മാഫിയ പിടിമുറുക്കുന്നതെന്നും കോണ്‍ഗ്രസിന്റെ ഭാവി തീരുമാനങ്ങള്‍ എം.എല്‍.എമാരുമായി ചര്‍ച്ച ചെയ്യണമെന്നും എം.എല്‍.എമാര്‍ കുറ്റപ്പെടുത്തി. ടി.എന്‍. പ്രതാപന്‍, വി.ഡി സതീശന്‍, എന്നിവരുടെ നേതൃത്വത്തിലാണ് സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനശരങ്ങള്‍ ഉയര്‍ന്നത്.

രണ്ട് ചേരികളിലായായിരുന്നു യോഗത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍. ടി.എന്‍. പ്രതാപനും, വി.ഡി സതീശനും സര്‍ക്കാറിനെ കുറ്റപ്പെടുത്തിയപ്പോള്‍ വര്‍ക്കല കഹാര്‍ സര്‍ക്കാറിനെ പിന്തുണച്ചും പറഞ്ഞു.

കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിമാര്‍ കേരളത്തിലെത്തി പാര്‍ട്ടിയെ കടിച്ചുകീറുകയാണെന്നായിരുന്നു വര്‍ക്കല കഹാര്‍ എം.എല്‍.എയുടെ ആരോപണം. ചാനല്‍ ചര്‍ച്ചകളില്‍ ചില എം.എല്‍.എമാരും പാര്‍ട്ടിയെ ഗുരുതരമായി വിമര്‍ശിക്കുകയാണെന്നും കഹാര്‍ വിമര്‍ശിച്ചു.

സംസ്ഥാനത്ത് മണല്‍മാഫിയയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ മണല്‍മാഫിയയും ഭൂമാഫിയയും മദ്യമാഫിയയും കൂടുതല്‍ പിടിമുറുക്കുന്ന അവസ്ഥയാണ്  ഉണ്ടായിരക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനകത്തെ ഐക്യമില്ലായ്മയ്ക്ക് ആക്കം കൂട്ടുന്നതാണ് എം.എല്‍.എമാരുടെ പുതിയ ആരോപണങ്ങള്‍.

We use cookies to give you the best possible experience. Learn more