രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും ജീവിച്ചിരുന്ന സമയത്തുണ്ടായിരുന്ന കോണ്‍ഗ്രസല്ല ഇപ്പോള്‍; ബി.ജെ.പിയിലേക്ക് ചേരാനൊരുങ്ങി കോണ്‍ഗ്രസ് എം.എല്‍.എ
national news
രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും ജീവിച്ചിരുന്ന സമയത്തുണ്ടായിരുന്ന കോണ്‍ഗ്രസല്ല ഇപ്പോള്‍; ബി.ജെ.പിയിലേക്ക് ചേരാനൊരുങ്ങി കോണ്‍ഗ്രസ് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd August 2022, 4:32 pm

ചണ്ഡിഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ കുല്‍ദീപ് ബിഷ്‌ണോയി ബി.ജെ.പിയിലേക്ക്. ആഗസ്റ്റ് നാലിന് ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് വിടുകയാണെന്ന് ചൂണ്ടിക്കാട്ടി ബിഷ്‌ണോയ് അസംബ്ലി സ്പീക്കര്‍ ഗിയാന്‍ ചന്ദ് ഗുപ്തയ്ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. ബിഷ്‌ണോയ് പാര്‍ട്ടി വിടുന്നതോടെ അദ്ദേഹത്തിന്റെ മണ്ഡലമായ അദംപൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

കോണ്‍ഗ്രസ് അവരുടെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഏറെ വ്യതിചലിച്ചുവെന്ന ആരോപണമായിരുന്നു ബിഷ്‌ണോയി അസംബ്ലി സ്പീക്കര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ ഉയര്‍ത്തിയത്.

രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും ജീവിച്ചിരുന്ന കാലഘട്ടത്തില്‍ പിന്തുടര്‍ന്നിരുന്ന കാര്യങ്ങളല്ല ഇപ്പോള്‍ കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം രാജിക്കത്തില്‍ ആരോപിച്ചു.

നേരത്തെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ടില്‍ തിരിമറി കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു.

ഇതിന് പിന്നാലെ തന്നെ വിമര്‍ശനങ്ങളുമായി ബിഷ്‌ണോയ് രംഗത്തെത്തിയിരുന്നു. ഹരിയാനയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തന്നെ പരിഗാണിക്കാതിരുന്ന കോണ്‍ഗ്രസ് നടപടിയേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ബിഷ്‌ണോയ് നാലു തവണ എം.എല്‍.എയായും രണ്ട് തവണ എം.പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ ഇളയമകന്‍ കൂടിയാണ് കുല്‍ദീപ് ബിഷ്‌ണോയ്.

രണ്ടാം തവണയാണ് കുല്‍ദീപ് ബിഷ്‌ണോയ് കോണ്‍ഗ്രസ് വിടുന്നത്. ആദ്യ പാര്‍ട്ടി വിടലിനു ശേഷം പിന്നീട് ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്നത്.

2005ലെ പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയത്തില്‍ കോണ്‍ഗ്രസ് ഭൂപീന്ദര്‍ സിംഗ് ഹൂഡയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിനെത്തുടര്‍ന്ന് 2007-ല്‍ ബിഷ്ണോയിയും പിതാവ് ഭജന്‍ ലാലും ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് (എച്ച്.ജെ.സി) രൂപീകരിച്ചിരുന്നു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ സംയുക്തമായി മത്സരിച്ച ബി.ജെ.പിയുമായും മറ്റ് രണ്ട് പാര്‍ട്ടികളുമായും എച്ച്.ജെ.സി പിന്നീട് സഖ്യം ചേര്‍ന്നിരുന്നു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പേ തന്നെ സഖ്യം തകര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ബിഷ്‌ണോയ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്.

Content Highlight: Congress MLA to join bharatiya janata party says congress has diverted from it’s ideologies and is now not working the way congress used to perform