കല്‍പറ്റ: ബി.ജെ.പി നേതാവ് അമിത് ഷാക്കും എന്‍.ഡി.എ സഖ്യത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദിഖ്. നരേന്ദ്ര മോദിയുടെ വലം കൈയായ അമിത് ഷാ ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് വിമര്‍ശനം.
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് വ്യാപകമായി വലതുപക്ഷ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച വാചകമായിരുന്നു ‘നിങ്ങളുടെ ഹീറോ ഇപ്പോള്‍ എന്തെടുക്കുന്നു’ എന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വാചകം അമിത് ഷായെയും മറ്റു ബി.ജെ.പി നേതാക്കളെയും തിരിഞ്ഞുകൊത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.ഡി.എ സഖ്യകക്ഷികളായ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.എസ് നേതാവ് നിതീഷ് കുമാറിനെയും മോദി ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ടി. സിദ്ദിഖിന്റെ പരാമര്‍ശം.
അമിത് ഷായെ മോദി ഒരറ്റത്തേക്ക് മാറ്റി നിര്‍ത്തിയിരിക്കുന്നു. ഈ സാഹചര്യം എങ്ങനെ ഉണ്ടായെന്നും ടി. സിദ്ദിഖ് ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിമര്‍ശനം. നരേന്ദ്ര മോദി ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഇരിക്കുന്ന ഒരു ചിത്രവും എം.എല്‍.എ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യാ മുന്നണിയും രാഹുല്‍ ഗാന്ധിയും എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ ഈ ചിത്രം അതിന് ഉത്തരം പറയുമെന്നും ടി. സിദ്ദിഖ് ചൂണ്ടിക്കാട്ടി. അമിത് ഷായെ ഇന്ത്യന്‍ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞുവെന്നും ജനാധിപത്യത്തില്‍ ജനമാണ് വലുതെന്നും ടി. സിദ്ദിഖ് പറഞ്ഞു. അമിത് ഷായും മോദിയുമല്ല ഇന്ത്യ രാജ്യമെന്നും കോണ്‍ഗ്രസ് എം.എല്‍.എ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-
‘നിങ്ങളുടെ ഹീറോ ഇപ്പോള്‍ എന്തെടുക്കുന്നു…’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ചോദിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ ചോദിക്കുന്നു ‘വലം കൈ അമിത് ഷാ…’ എവിടെ? എന്ന്. ഒരറ്റത്തേക്ക് മാറ്റി നിര്‍ത്തിയിരിക്കുന്നു. ആ സാഹചര്യം എങ്ങനെ ഉണ്ടായി?
ഇന്ത്യാ മുന്നണിയും രാഹുല്‍ ഗാന്ധിയും എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ ഈ ചിത്രം അതിന് ഉത്തരം പറയും. എല്ലാം ഞാനും അമിത് ഷായും എന്ന നിലയില്‍ നിന്ന് ഈ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. അമിത് ഷായെ ചിത്രത്തില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തില്‍ ജനമാണ് വലുത്.
ഈ കിംഗ് മേക്കര്‍മാര്‍ വെറുതെ ഉണ്ടായതല്ല; ഇന്ത്യ മുന്നണിയുടെ പോരാട്ട വിജയത്തിന്റെ പ്രതിഫലനമാണ്. അവരെ അനുസരിച്ച് ഇനി മോഡി ഭരിച്ചാല്‍ മതി…അമിത് ഷായും മോദിയുമല്ല ഇന്ത്യ രാജ്യം.
Content Highlight: Congress MLA T. Siddique strongly criticized BJP leader Amit Shah and NDA alliance