കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദിഖ്. മാമുക്കോയയെ കാണാന്‍ സിനിമ മേഖലയില്‍ നിന്ന് അധികമാരും വരാത്തതില്‍ കോഴിക്കോട്ടുകാര്‍ക്ക് പരിഭവമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ തഗ് മറുപടി ഊഹിക്കുമ്പോള്‍ കോഴിക്കോട്ടുകാര്‍ക്ക് അതൊരാശ്വാസം തരുന്നുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മലയാള സിനിമയില്‍ നിന്ന് അധികമാരും പ്രിയ മാമുക്കോയയെ കാണാന്‍ വരാത്തതില്‍ കോഴിക്കോട്ടുകാര്‍ക്ക് പരിഭവമുണ്ട്… ഈ ചോദ്യം പത്രക്കാര്‍ ചോദിക്കുന്നതും അദ്ദേഹത്തിന്റെ ആ തഗ് മറുപടിയും ഊഹിക്കുമ്പോള്‍ കോഴിക്കോട്ടുകാര്‍ക്ക് അതൊരാശ്വാസം തരുന്നുണ്ട്… അത്രയേയുള്ളൂ… ജീവിതം ആ മനുഷ്യന് ഒരു തമാശയായിരുന്നില്ല… ഒരു കാപട്യവും അറിയുമായിരുന്നില്ല… പ്രേക്ഷകരുടെ ഹൃദയത്തില്‍ തഗിന്റെ തമ്പുരാന്‍ എന്നുമുണ്ടാകും,’ ടി. സിദ്ദിഖ് പറഞ്ഞു.
മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വി.എം. വിനുവും പറഞ്ഞിരുന്നു. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി എന്നും കഴിഞ്ഞ ദിവസം നടന്ന അനുസ്മരണ സമ്മേളനത്തില്‍ വിനു പറഞ്ഞു.
‘മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യന്‍ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവൃത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാന്‍ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ, അവര്‍ക്ക് വരാന്‍ പറ്റില്ലല്ലോ,’ എന്നായിരുന്നു വി.എം. വിനുവിന്റെ പ്രസ്താവന.
അതേസമയം, പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം രാവിലെ 10.15 ഓടെ കോഴിക്കോട് കണ്ണംപറമ്പിലാണ് വെള്ളിയാഴ്ച മാമുക്കോയയുടെ മൃതദേഹം ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
Content Highlight: Congress MLA T Siddique reacts to the allegation that Malayalam cinema did not give Mamukkoya the respect he deserved