ഷാഫി പറമ്പില്‍ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍; പട്ടിണി സമരം സംഘര്‍ഷത്തില്‍
Kerala News
ഷാഫി പറമ്പില്‍ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍; പട്ടിണി സമരം സംഘര്‍ഷത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st August 2020, 12:38 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടിണി സമരം നടത്തുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ അടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിഎസ്.സി ഓഫീസിനു മുന്നില്‍ പട്ടിണി സമരം നടത്തുന്നതിനിടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് അറസ്റ്റ്.

തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ട് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനമാണ് അക്രമത്തില്‍ കലാശിച്ചത്. സമരപന്തലിലേക്ക് നീങ്ങിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലേക്ക് കല്ലെറിയുകയായിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്ത് പോയതിന് ശേഷമായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തിയത്.

ഒരു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. മാര്‍ച്ച് സമരപന്തലിലേക്കെത്തുന്നതിന് മുമ്പ് പൊലീസ് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പന്തല്‍ ലക്ഷ്യമാക്കി കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് അവിടുത്തെ കസേരകള്‍ അടിച്ച് പൊട്ടിക്കുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേരിട്ട് ആക്രമണത്തിലേക്കെത്തുന്ന സ്ഥിതിയിലെത്തുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായ കെ.എസ് ശബരീനാഥന്‍, എം.എല്‍.എ എന്‍.എസ് നുസൂര്‍, എസ്.എം ബാലു, പ്രേം രാജ്, റിയാസ് മുക്കോളി തുടങ്ങിയവരാണ് പട്ടിണി സമരം നടത്തിയത്. കഴിഞ്ഞ ദിവസം പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയതില്‍ മനം നൊന്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തെതുടര്‍ന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം സംഘടിപ്പിച്ചത്. പി.എസ്.സിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പട്ടിണി സമരം.

ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് ബൈക്കില്‍ വരികയായിരുന്ന മൂന്ന് പേരെ ഒരു സംഘം ആക്രമിക്കുന്നത്. ആക്രമത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നിവര്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് സജിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സജിന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തില്‍ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസുകാരനായ ഷജിത്തിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസാണ് ഇവരെ കൊലപ്പെടുത്തിയതിന് പിന്നിലെന്ന് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും ആരോപിച്ചിരുന്നു.

Content Highlight: Congress MLA Shafi Parambil and other youth congress workers got arrested