ഭോപ്പാല്‍: രാമായണത്തില്‍ വാനരന്മാരായി ചിത്രീകരിച്ചിരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആദിവാസികളാണെന്ന് മധ്യപ്രദേശിലെ മുന്‍ വനംമന്ത്രിയും എം.എല്‍.എയുമായ ഉമങ് സിംഘാര്‍. ഹനുമാന്‍ ഗോത്രവര്‍ഗക്കാരന്‍ ആയിരുന്നുവെന്നും ഹനുമാന്റെ സന്തതികളാണ് ആദിവാസികള്‍ എന്നത് അഭിമാനത്തോടെ പറയണമെന്നും ധാര്‍ ജില്ലയിലെ ഗന്ധ്വാനിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ പറഞ്ഞു.
ആദിവാസി നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിര്‍സ മുണ്ടയുടെ 123ാം ചരമവാര്‍ഷിക ദിനത്തില്‍ ധാര്‍ ജില്ലയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിംഘാര്‍. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
‘ശ്രീരാമനെ ലങ്കയിലേക്ക് കൊണ്ടുപോയത് ആദിവാസികളാണ്. ചിലര്‍ കഥകളില്‍ എഴുതിയത് വാനരസേന എന്നായിരുന്നു. എന്നാല്‍ അത് കുരങ്ങുകള്‍ ഇല്ലായിരുന്നു. അവര്‍ ആദിവാസികളായിരുന്നു.
അവര്‍ കാട്ടിലാണ് ജീവിച്ചിരുന്നത്. ഹനുമാനും ആദിവാസിയായിരുന്നു. ഞങ്ങള്‍ അവന്റെ പിന്‍ഗാമികളാണ്. ഇതില്‍ അഭിമാനിക്കൂ,’ എം.എല്‍.എ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എ ഹനുമാനെ അപമാനിക്കുകയാണെന്ന് മധ്യപ്രദേശ് ബി.ജെ.പി വക്താവ് ഹിതേഷ് ബാജ്പേയ് വിമര്‍ശിച്ചു. ‘അവര്‍ ഹനുമാന്‍ ജിയെ ദൈവമായി കണക്കാക്കുന്നില്ല. ഹനുമാന്‍ ജിയെ ഹിന്ദുക്കള്‍ ആരാധിക്കുന്നതായി അവര്‍ കണക്കാക്കുന്നില്ല.
ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് മന്ത്രിയല്ലേ അദ്ദേഹം. ഇതാണോ കോണ്‍ഗ്രസിന്റെ ഹനുമാന്‍ സങ്കല്‍പ്പം?
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണോ മതപരിവര്‍ത്തനം നടത്തുന്ന കത്തോലിക്കാ പുരോഹിതരുടെ ഭാഷ ഇക്കൂട്ടര്‍ സംസാരിക്കുന്നത്?,’ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ മാസവും മറ്റൊരു ആദിവാസി കോണ്‍ഗ്രസ് എം.എല്‍.എ അര്‍ജുന്‍ സിങ് കക്കോഡിയ ഹനുമാനെ ആദിവാസി എന്ന് വിളിച്ചിരുന്നു. സിയോനി ജില്ലയില്‍ കമല്‍നാഥിന്റെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ഒരു വലിയ പൊതുയോഗത്തില്‍ വെച്ചായിരുന്നു ഈ പരാമര്‍ശം.