കൊച്ചി: മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് കേരള സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദീഖ്. അഖിലക്ക് ഒപ്പം നില്‍ക്കുക എന്നത് ഇന്ന് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ സംഘപരിവര്‍ വേട്ടയാടിയതിന് സമാനമായി അഖിലയെ പിണറായിയും വെട്ടയാടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മോദിയെ ഭയന്ന് അവര്‍ക്ക് വേണ്ടി കുഴലൂതുന്ന ഇന്ത്യയിലെ മാധ്യമങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യം മരണമടയുന്നതിനു ചരമഗീതം പാടുമ്പോള്‍ നിശബ്ദമായി നോക്കിനില്‍ക്കുന്നത് ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ നോക്കി നില്‍ക്കാനാവില്ല.
ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ സുബൈര്‍ സംഘപരിവാറിന്റെ കള്ളങ്ങള്‍ ഓരോന്നായി പൊളിച്ചടുക്കിയപ്പോള്‍ പിടിച്ച് ജയിലിലിട്ടതിനു സമാനമാണു ഏഷ്യാനെറ്റിലെ അഖിലയെ പിണറായി വിജയന്‍ വേട്ടയാടുന്നത്.
ആള്‍ട്ട് ന്യൂസിലെ സുബൈറിന് വേണ്ടി ശബ്ദിച്ച ഇടതുപക്ഷം അഖിലക്കെതിരെ പിണറായി വിജയനു വേണ്ടി ഉറഞ്ഞ് തുള്ളുന്നതിനെയാണു ഫാസിസം എന്ന് പറയുന്നത്,’ ടി. സദ്ദീഖ് പറഞ്ഞു.
നിശബ്ദത കാരണം ജനാധിപത്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മേലെ കുതിര കയറാന്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.