| Saturday, 16th May 2020, 2:12 pm

സാമൂഹിക അകലം പാലിക്കാതെ കുട്ടികള്‍ക്ക് മാസ്‌ക് വിതരണം; അങ്കമാലി എം.എല്‍.എയ്ക്കും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കമാലി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് അങ്കമാലി എം.എല്‍.എക്കെതിരെ കേസ്. സാമൂഹിക അകലം പാലിക്കാതെ കുട്ടികള്‍ക്ക് മാസ്‌ക് വിതരണം ചെയ്തതിനാണ് കേസെടുത്തത്.

റൂറല്‍ എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കാലടി പൊലീസാണ് എം.എല്‍.എ റോജി. എം ജോണിനെതിരെ കേസെടുത്തത്. ബ്ലോക്ക് പഞ്ചായത്തംഗം ടി.പി ജോര്‍ജടക്കം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയും ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.

ഇന്ന് രാവിലെയാണ് എം.എല്‍.എ മാസ്‌ക് വിതരണം ചെയ്യുന്ന വാര്‍ത്ത ചാനലുകളില്‍ സംപ്രേഷണം ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസെടുക്കാന്‍ എറണാകുളം റൂറല്‍ പൊലീസ് നിര്‍ദേശം നല്‍കിയത്.

പരിപാടിയില്‍ മുഖ്യ അതിഥിയായി എത്തിയതായിരുന്നു അങ്കമാലി എം.എല്‍.എ റോജി.എം. ജോണ്‍. അദ്ദേഹവും കുട്ടികള്‍ക്ക് മാസ്‌ക വിതരണം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബ്ലോക്ക് പഞ്ചായത്തംഗവും, എം.എല്‍.എയും ഒപ്പം കണ്ടാലറിയാവുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസെടുത്തത്.

പരിപാടി സംഘടിപ്പിച്ച ടി.പി ജോര്‍ജിനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. കാലഡി ഡിവിഷനില്‍പ്പെട്ട 5 മുതല്‍ 12 വാര്‍ഡുകളിലെ കുട്ടികള്‍ക്കു വേണ്ടിയാണ് കുട്ടിമാസ്‌ക് വിതരണം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയില്‍ 60ഓളം കുട്ടികള്‍ പങ്കെടുത്തിരുന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും എത്തിയിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളെ പങ്കെടുപ്പിച്ച് സാമൂഹിക അകലം പാലിക്കാതെ ജനപ്രതിനിധികള്‍ തന്നെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more