| Thursday, 4th July 2019, 3:27 pm

റോഡില്‍ കുഴി: എന്‍ജിനീയറെ വിളിച്ചുവരുത്തി, ചെളിയൊഴിച്ചു, കെട്ടിയിട്ടു; കോണ്‍ഗ്രസ് എം.എല്‍.എയുടെ നടപടി വിവാദമാകുന്നു- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ റോഡിലെ കുഴിയുടെ പേരില്‍ എന്‍ജിനീയര്‍ക്കെതിരെ ക്രൂരമായി പ്രതികരിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം എന്‍ജിനീയറുടെ മേല്‍ ബക്കറ്റില്‍ ചെളിവെള്ളമൊഴിച്ച എം.എല്‍.എ നിതേഷ് നാരായണ്‍ റാണെ ഈ ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.

തന്റെ മണ്ഡലമായ കന്‍കാവ്‌ലിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എം.എല്‍.എ റോഡിലെ കുഴികള്‍ കണ്ടത്. ഉടന്‍തന്നെ എന്‍ജിനീയറെ വിളിച്ചുവരുത്തി. അണികള്‍ നോക്കിനില്‍ക്കെ എന്‍ജിനീയറോടു മോശമായി സംസാരിച്ച നിതേഷ്, പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹത്തിന്റെ മേല്‍ ചെളിവെള്ളം ഒഴിച്ചു. ഇതിനു പിന്നാലെ സമീപത്തെ പാലത്തില്‍ എന്‍ജിനീയറെ കെട്ടിയിട്ടു.

എം.എല്‍.എയുടെ പ്രവൃത്തിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞദിവസം മുംബൈയിലെ നഗരസഭാ ഉദ്യോഗസ്ഥനെ ബി.ജെ.പി എം.എല്‍.എ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചോടിച്ചത് ഏറെ വിവാദമായിരുന്നു. ഇയാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിപ്പറഞ്ഞു. അതിനു തൊട്ടുപിറകെയാണ് ഈ സംഭവം.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതേഷ്. സ്വാഭിമാന്‍ സംഘടന എന്ന പേരില്‍ ഒരു സന്നദ്ധസംഘടന ഇദ്ദേഹം നടത്തുന്നുണ്ട്.

വീഡിയോ കടപ്പാട്: എ.എന്‍.ഐ

We use cookies to give you the best possible experience. Learn more