ആ വെബ്‌സൈറ്റ് എന്റേതല്ല; 'അലൂമിനിയം കച്ചവട' ട്രോളില്‍ മറുപടിയുമായി മാത്യു കുഴല്‍നാടന്‍
Kerala News
ആ വെബ്‌സൈറ്റ് എന്റേതല്ല; 'അലൂമിനിയം കച്ചവട' ട്രോളില്‍ മറുപടിയുമായി മാത്യു കുഴല്‍നാടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th June 2022, 6:15 pm

കൊച്ചി: സി.പി.ഐ.എം പ്രൊഫൈലുകള്‍ സൈബര്‍ സ്‌പേസില്‍ ഉയര്‍ത്തിയ ‘അലൂമിനിയം കച്ചവട’ ട്രോളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് തന്റേതല്ലെന്ന് എം.എല്‍.എ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി.വിയിലൂടെയായിരുന്നു കുഴല്‍നാടന്റെ പ്രതികരണം. ‘അലൂമിനിയം പരിഹാസ’ങ്ങളുമായി സി.പി.ഐ.എം പ്രൊഫൈലുകള്‍ രംഗത്തെത്തിയതോടെയാണ് വിഷയത്തില്‍ എം.എല്‍.എ വിശദീകരണം നല്‍കുന്നത്.

‘നിങ്ങള്‍ ഓപ്പണ്‍ ചെയ്തത് ഞാനുമായി ബന്ധപ്പെട്ട വെബ്സൈറ്റ് അല്ല. അതെന്റെ മിസ്റ്റേക്കാണ്. എന്റെ വെബ്സൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മറ്റ് വെബ്സൈറ്റാണ് തുറക്കുന്നതെങ്കില്‍ അത് അല്ലേ പറയാന്‍ സാധിക്കൂ. സൈറ്റ് തെറ്റാണ്.

എന്റെ ശരിയായ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുതരാം. അവര്‍ ഏത് വെബ്സൈറ്റാണ് ഓപ്പണ്‍ ചെയ്തതെന്ന് ആര്‍ക്കറിയാം. ഇതിലൊക്കെ എന്ത് കാര്യം,’ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കുഴല്‍നാടന്‍ വെബ്സൈറ്റും അതിലെ വിവരങ്ങളും സൈബര്‍ സി.പി.ഐ.എം പ്രൊഫൈലുകള്‍ ചര്‍ച്ചയാക്കിയിരുന്നത്. കുഴല്‍നാടന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രേഖപ്പെടുത്തിയ വെബ് സൈറ്റിന്റെ പേരിലായിരുന്നു നേരത്തെ സി.പി.ഐ.എം പ്രൊഫൈലുകള്‍ ട്രോളുകളുമായി എത്തിയിരുന്നത്.

കുഴല്‍നാടന്‍ അലൂമിനിയം കച്ചവടം ആരംഭിച്ചോയെന്നാണ് mathewkuzhalnadan.com എന്ന വെബ്സൈറ്റിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് സി.പി.ഐ.എം കേന്ദ്രങ്ങളില്‍ പരിഹാസങ്ങളുണ്ടായിരുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ആവര്‍ത്തിച്ചു. വീണ വിജയന്റെ കമ്പനിയുടെ മെന്റര്‍ ആണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്(പി.ഡബ്ല്യു.സി) ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ എന്ന് വ്യക്തമാക്കുന്ന ഭാഗം കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് നീക്കംചെയ്തെന്ന് മത്യു കുഴല്‍നാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വീണാ വിജയന്റെ ഐ.ടി കമ്പനിയായ എക്സാലോജിക്കിന്റെ വെബ്സൈറ്റില്‍ ജെയ്ക് ബാലകുമാറിനേക്കുറിച്ച് നേരത്തെ ഉള്‍പ്പെടുത്തിയിരുന്ന ഭാഗം മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.