Advertisement
Kerala News
കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്; മാത്യു കുഴല്‍നാടനെതിരെ ഗുരുതര ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 15, 01:26 pm
Tuesday, 15th August 2023, 6:56 pm

 

കൊച്ചി: കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടനെതിരെ നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം. നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോര്‍ട്ടും ഭൂമിയും മാത്യു സ്വന്തമാക്കിയതെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പറഞ്ഞു. മാത്യു കുഴല്‍നാടന്റെ അനധികൃത ഇടപാടുകളെ സംബന്ധിച്ചും നികുതി വെട്ടിപ്പുകളെ സംബന്ധിച്ചും സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

ദുബായ്, ദല്‍ഹി, ബെംഗളൂരു, ഗുവാഹത്തി, കൊച്ചി എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ ലീഗല്‍ സ്ഥാപനങ്ങളുണ്ട്. ശരിയായ രീതിയിലല്ലാതെ വരുന്ന പണം വെളുപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി ഇവയെ മാറ്റുന്നുവെന്നും സി.എന്‍. മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘അമേരിക്കന്‍ പ്രസിഡന്റ് ഒഴികെ എല്ലാവരുടെയും പേരില്‍ ആക്ഷേപം ഉന്നയിക്കുന്ന വ്യക്തിയാണ് കുഴല്‍നാടന്‍. അദ്ദേഹം ബിനാമി ഇടപാടിലൂടെ ആറ് കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ സ്വന്തമാക്കിയത് ലക്ഷകണക്കിന് രൂപയുടെ നികുതി വെട്ടിച്ചുകൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 18.03.2021 തീയതി രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 561/2021ാം നമ്പര്‍ തീറാധാര പ്രകാരം ടി. വസ്തുവിനും റിസോര്‍ട്ടിനും വില കാണിച്ചിട്ടുള്ളത് 1,92,60,00(ഒരു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷത്തി അറുപതിനായിരം) രൂപ മാത്രമാണ് എന്നാല്‍ 19.03.2021 തീയതി, അതായത് ആധാരത്തിന്റെ തൊട്ടടുത്ത ദിവസം നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുഴലനാടന്‍ തന്റെ തെരഞ്ഞെടുപ്പ് അഫിഡവിറ്റില്‍ ടി. ആധാരപ്രകാരം തനിക്കുള്ള 50ശതമാനം ഷെയറിന് മാര്‍ക്കറ്റ് വില കാണിച്ചിരിക്കുന്നത് 3,50,00,000/ (മൂന്ന് കോടി അമ്പത് ലക്ഷം രൂപ)യാണ് ഇതില്‍ നിന്നും ഈ വസ്തുവിന് ഏഴ് കോടിയോളം രൂപ വിലമതിക്കുമെന്ന കാര്യം സ്പഷ്ടമാണ്.

കോണ്‍ഗ്രസിന്റെ നേതാവും സര്‍വ്വോപരി അഴിമതി വിരുദ്ധപ്രക്ഷോഭത്തിന്റെ ചാമ്പ്യനുമായ എം.എല്‍.എ. ഈ ഒറ്റ ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസുമാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത്. കൂടാതെ 7/22022 ല്‍ രാജകുമാരി സബ്ബ് രജിസ്ട്രാര്‍ ആഫീസിലെ 245/2022, 246/2022, ആധാരങ്ങള്‍ പ്രകാരം രണ്ട് വസ്തുക്കള്‍ കൂടി ശ്രീ. മാത്യു കുഴലനാടന്‍ എം.എല്‍. എ.യും ടിയാന്റെ രണ്ട് ബിനാമികളുടെയും പേരില്‍ വാങ്ങിയിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രീ. മാത്യു നല്‍കിയ അഫിഡവിറ്റ് പ്രകാരം അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ സ്വയാര്‍ജിത സ്വത്തായി പറയുന്നത് 23 കോടിയോളം രൂപയുടെ വസ്തുവകകളാണ്. ഈ വസ്തുവകകള്‍ സമ്പാദിക്കാന്‍ ആവശ്യമായ വരുമാന സ്രോതസ് വെളിപ്പെടുത്തിയിട്ടില്ല എന്നിരിക്കെ തന്റെ അനധികൃത സമ്പാദ്യം വെളിപ്പെടുത്തുന്നതിനായി സത്യവാങ്ങ് മൂലത്തില്‍ ഓഫീസ് ഷെയറുകളുടെ തുക പെരുപ്പിച്ച് കാണിച്ചിട്ടുള്ളതായി കരുതാം,’ സി.എന്‍. മോഹനന്‍ പറഞ്ഞു.

Content Highlight: Congress MLA Mathew Kuzhalnadan accused of tax evasion, money laundering