ബില്ല് പാസാക്കിയില്ലേ, ഇനി അത് നടപ്പാക്കൂ; പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
Citizenship Amendment Act
ബില്ല് പാസാക്കിയില്ലേ, ഇനി അത് നടപ്പാക്കൂ; പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 11:21 am

ഭോപ്പാല്‍: പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് ഭാരത് ബച്ചാവോ റാലി നടത്താനിരിക്കെ പൗരത്വ നിയമത്തെ അംഗീകരിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശിലെ എം.എല്‍.എയുമായ ലക്ഷ്മണ്‍ സിംഗ്. നിയമം അംഗീകരിച്ച് മുന്നോട്ടുപോകണമെന്ന് ലക്ഷ്മണ്‍ സിംഗ് ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസ്സാക്കി. എല്ലാ പാര്‍ട്ടികളും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചതാണ്. ഇനി ഈ വിഷയത്തിന്മേല്‍ കൂടുതല്‍ അഭിപ്രായം പറയുന്നതിലും പ്രസ്താവന ഇറക്കുന്നതിലും അര്‍ത്ഥമില്ല. ഇത് അംഗീകരിച്ച് മുന്നോട്ട് പോകണം.”

നേരത്തെ എ.ഐ.സി.സി വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് എന്താണോ അതായിരിക്കും മധ്യപ്രദേശ് സര്‍ക്കാരിന്റെയും നിലപാട് എന്നായിരുന്നു മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞത്. കോണ്‍ഗ്രസ് പൗരത്വ ബില്ലിനെതിര്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം നിയമം നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്.

പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് കേരളവും പഞ്ചാബും പശ്ചിമ ബംഗാളും ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി പ്രതിഷേധംം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല ലക്ഷ്മണ്‍ സിംഗ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്ത് വരുന്നത്. അധികാരത്തിലെത്തി 10 ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാത്ത മധ്യപ്രദേശ് സര്‍ക്കാരും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് ലക്ഷ്മണ്‍ സിംഗ് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ രാജ്യങ്ങളിലെ മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കിയിരുന്നു. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇത് നിയമമായി മാറുകയും ചെയ്തു.

WATCH THIS VIDEO: