സ്റ്റാലിന്‍ മാത്രമല്ല, പൗരത്വ നിയമത്തിനെതിരായ കേരളത്തിന്റെ പ്രമേയത്തിന് അഭിനന്ദനം മഹാരാഷ്ട്രയില്‍ നിന്നും; ഉദ്ധവിനു മുന്നില്‍ ആവശ്യവുമായി സഖ്യകക്ഷി നേതാവ്
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരളാ സര്‍ക്കാരിനെ അഭിനന്ദിച്ച് കൂടുതല്‍പ്പേര്‍. ഡി.എം.കെ അധ്യക്ഷനു പിറകെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് ആരിഫ് നസീം ഖാനാണ് കേരളാ സര്‍ക്കാരിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരും ഇത്തരത്തില്‍ പ്രമേയം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘കേരളാ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അടക്കം എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടണം,’ അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ സമ്മേളനത്തില്‍ പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കെതിരെയും മുഖ്യമന്ത്രി പളനി സ്വാമിയും പ്രമേയം പാസാക്കണമെന്നും സ്റ്റാലിന്‍ തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
‘2019-ലെ സി.എ.എ നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പാസാക്കിയ പ്രമേയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് മാതൃകയാക്കിയെടുത്ത് എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണം.
സി.എ.എയ്ക്കെതിരെയും എന്‍.ആര്‍.സിക്കെതിരെയും എന്‍.പി.ആറിനെതിരെയും തമിഴ്നാട് സര്‍ക്കാരും പ്രമേയം പാസാക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്’- സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് രാജ്യത്തെ ജനങ്ങളുടെയും ആവശ്യമാണ്. അതിനായി എല്ലാ നിയമസഭകളിലും സി.എ.എയ്ക്കെതിരെ പ്രമേയം പാസാക്കണമെന്ന് സ്റ്റാലിന്‍ ഫേസ്ബുക്കിലും ആവശ്യപ്പെട്ടിരുന്നു.