| Tuesday, 3rd January 2023, 10:12 am

ന്യൂയര്‍ പരിപാടിയില്‍ തോക്ക് ചൂണ്ടി നൃത്തം, വെടിവെപ്പ്; കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ന്യൂയര്‍ പരിപാടിയില്‍ തോക്ക് ചൂണ്ടി നൃത്തം ചെയ്ത കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസ്.

തോക്ക് ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് കോട്മയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ സുനീല്‍ സറഫിനെതിരായ പൊലീസ് നടപടി.

വേദിയില്‍ മറ്റ് നാല് പേര്‍ക്കൊപ്പം അമിതാഭ് ബച്ചന്‍ ചിത്രമായ ‘ഡോണിലെ’ ‘മാന്‍ ഹൂണ്‍ ഡോണ്‍’ എന്ന പ്രശസ്ത ഗാനത്തിന് നൃത്തം ചെയ്യുന്നതിനിടെ കൈത്തോക്ക് പിടിച്ച് നില്‍ക്കുന്ന സുനീല്‍ സറഫിനെയും, തോക്ക് ഉപയോഗിച്ച് അദ്ദേഹം മുകളിലേക്ക് ഒരു റൗണ്ട് വെടിവെക്കുന്നതും വീഡിയോയില്‍ കാണാം.

പ്രദേശവാസിയായ ഭുവനേശ്വര്‍ ശുക്ലയുടെ പരാതിയിലാണ് എം.എല്‍.എക്കെതിരെ കോട്മ പൊലീസ് കേസെടുത്തത്. ഐ.പി.സി സെക്ഷന്‍ 336 പ്രകാരമാണ് കേസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

‘ഞങ്ങളുടെ റെക്കോര്‍ഡ് പ്രകാരം എം.എല്‍.എക്ക് ലൈസന്‍സുള്ള റിവോള്‍വറുണ്ട്. പരാതിയില്‍ ആരോപിക്കുന്ന അതേ ആയുധത്തില്‍ നിന്നാണോ അദ്ദേഹം വെടിയുതിര്‍ത്തതെന്ന് ഞങ്ങള്‍ പരിശോധിക്കും,’ എസ്.പി ജിതേന്ദ്ര സിങ് പന്‍വാര്‍ പി.ടി.ഐയോട് പറഞ്ഞു.

വീഡിയോ വൈറലായതിന് പിന്നാലെ, കോണ്‍ഗ്രസ് എം.എല്‍.എയ്ക്കെതിരെ നടപടിയെടുക്കാന്‍ അനുപൂര്‍ എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും പറഞ്ഞിരുന്നു.

അതേസമയം, എം.എല്‍.എ സുനീല്‍ സറഫ് താന്‍ വെടിയുതിര്‍ത്തത് പടക്ക തോക്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടു.
‘അതൊരു ദീപാവലി തോക്കായിരുന്നു. ആളുകള്‍ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും പുതുവത്സരത്തെ ആഘോഷിക്കുന്നു,’ എം.എല്‍.എ പറഞ്ഞു.

നേരത്തെ, ട്രെയിനില്‍ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഇതേ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസെടുത്തിരുന്നു. രേവയില്‍ നിന്ന് ഭോപ്പാലിലേക്ക് ഭര്‍ത്താവിനും ഏഴ് മാസം പ്രായമുള്ള മകനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് പരാതിക്കാരി.

അന്ന് മറ്റൊരു നിയമസഭാംഗത്തിനൊപ്പം ചേര്‍ന്ന് യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു സറഫ്. സംഭവം നടക്കുമ്പോള്‍ എം.എല്‍.എ മദ്യലഹരിയിലായിരുന്നു.

Content Highlight: Congress MLA fires gun in air while dancing at New Year party; Video viral, Police registered case

Latest Stories

We use cookies to give you the best possible experience. Learn more