| Saturday, 17th June 2023, 8:53 pm

ഹിന്ദുരാഷ്ട്രത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് എം.എല്‍.എ; വ്യക്തിപരമായ പരാമര്‍ശമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഹിന്ദുരാഷ്ട്രം നിര്‍മിക്കാനായി ഐക്യത്തിന് ആഹ്വാനം ചെയ്ത് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് എം.എല്‍.എ അനിത ശര്‍മ. ഇതിനായി എല്ലാവരോടും മുന്നോട്ട് വരാനും അവര്‍ പറഞ്ഞു. റായ്പൂരിലെ ധര്‍ശിവ ഏരിയയില്‍ വെച്ച് നടന്ന ധര്‍മ്മ സഭയില്‍ പങ്കെടുക്കവെയായിരുന്നു അനിതയുടെ പ്രസ്താവനയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദുരാഷ്ട്രത്തിനായി ഐക്യം വേണമെന്ന് പറഞ്ഞ അവര്‍ ഇതിനായി എല്ലാ ഹിന്ദുക്കളും മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു. ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.

‘നമ്മളെല്ലാവരും ഹിന്ദുരാഷ്ട്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുക്കണം. ഹിന്ദുക്കളോട് സംസാരിക്കണം. എല്ലാ ഹിന്ദുക്കളെയും ഒരുമിച്ച് നിന്നാലെ ഇത് സാധ്യമാകുകയുള്ളൂ,’ അനിത പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് ഇവരുടെ പ്രസ്താവനയെ തള്ളി രംഗത്തെത്തി. അനിത ശര്‍മയുടേത് വ്യക്തിപരമായ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് വക്താവ് സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനക്കൊപ്പമാണ്. അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ തയ്യാറാക്കിയ ഭരണഘടനയിലെ മതനിരപേക്ഷതയില്‍ കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്നു,’ ശുക്ല പറഞ്ഞു. ഓരോരുത്തര്‍ക്കും അവരുടേതായ പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും താന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ഐക്യത്തെ കുറിച്ചാണ് സംസാരിച്ചതെന്നും അനിത ശനിയാഴ്ച പറഞ്ഞു.

‘ഞാന്‍ ഗാന്ധിയനാണ്. വിദ്വേഷം അവസാനിപ്പിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എല്ലാ മതത്തില്‍പ്പെട്ടവരും എന്റെ സഹോദരങ്ങളാണ്. ഇന്ത്യയില്‍ കഴിയുന്ന മുഴുവന്‍ ജനങ്ങളുടെയും ഐക്യത്തെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. എന്നെ സംബന്ധിച്ച് ഹിന്ദുരാഷ്ട്രം എന്ന സങ്കല്‍പം എല്ലാ മതത്തിന്റെയും ഐക്യമാണ്,’ അവര്‍ പറഞ്ഞു.

ഹിന്ദുത്വയെ കുറിച്ചോ, രാമരാജ്യത്തെ കുറിച്ചോ സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് അനിതയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ബി.ജെ.പി വക്താവ് കേദാര്‍ ഗുപ്ത പറഞ്ഞു.

Content Highlight: Congress mla Calls for hindurashtra; Congress says it’s personal statement

We use cookies to give you the best possible experience. Learn more