| Monday, 1st July 2019, 11:15 am

വിഭാഗീയത മൂര്‍ച്ഛിക്കുന്നു; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് എം.എല്‍.എ സ്ഥാനം രാജിവെച്ചു; കൂട്ടരാജിക്ക് വഴിവെക്കാന്‍ സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ വിഭാഗീയതകള്‍ വീണ്ടും മറനീക്കി പുറത്തുവരുന്നു. വിജയനഗര്‍ എം.എല്‍.എ ആനന്ദ് ബി. സിങ് തന്റെ എം.എല്‍.എ സ്ഥാനം രാജിവെച്ചതാണ് കന്നഡ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസം.

തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടാണ് ആനന്ദ് രാജിക്കത്ത് സമര്‍പ്പിച്ചത്. ആനന്ദ് ഉടനെ പാര്‍ട്ടി വിട്ടേക്കുമെന്നും അഭ്യൂഹമുണ്ട്.

ആനന്ദിന്റെ രാജിയോടെ കോണ്‍ഗ്രസില്‍ വിഘടിച്ചുനില്‍ക്കുന്ന വിഭാഗത്തിലെ എം.എല്‍.എമാരും ഇതേമാര്‍ഗം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി യു.എസിലായ സമയത്താണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. അടുത്ത തിങ്കളാഴ്ചയേ കുമാരസ്വാമി തിരിച്ചെത്തൂ.

ആനന്ദിന് കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് നേതൃത്വം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതു പാലിക്കപ്പെട്ടില്ല. മന്ത്രിസഭ രണ്ടുവട്ടം പുനഃസംഘടിക്കപ്പെട്ടിട്ടും ആനന്ദിന്റെ മന്ത്രിപദവി മാത്രമുണ്ടാകാത്തതാണു രാജിയിലേക്കു നയിച്ച പ്രധാന കാരണം.

കൂടാതെ കഴിഞ്ഞതവണ ബി.ജെ.പി സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ നടത്തിയ ‘ഓപ്പറേഷന്‍ താമര’ നീക്കം നടക്കവേ ബെംഗളൂരുവിലെ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ ഒളിവില്‍ത്താമസിച്ചവരില്‍ ആനന്ദുമുണ്ടായി. അവിടെവെച്ച് കോണ്‍ഗ്രസ് എം.എല്‍.എ കാംപ്ലി ഗണേഷ് അദ്ദേഹത്തെ കൈയേറ്റം ചെയ്തിരുന്നു.

ആനന്ദിന്റെ പരാതിയെത്തുടര്‍ന്ന് ഗണേഷിനെ ഗുജറാത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂലായ് 12-ന് നിയമസഭാ സമ്മേളനം തുടങ്ങുകയാണെന്നിരിക്കെ സംസ്ഥാനത്ത് വീണ്ടും ‘ഓപ്പറേഷന്‍ താമര’ രംഗപ്രവേശം ചെയ്യുമോ എന്ന കാര്യം കോണ്‍ഗ്രസിനു തലവേദനയാകുമെന്നുറപ്പാണ്. ആനന്ദിനോട് അത്തരം കാര്യങ്ങളില്‍ ചെന്നു പെടരുതെന്ന് നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് കുമാരസ്വാമി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ആനന്ദ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. മെയിലാണ് സംസ്ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതും ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും. പിന്നീട് ജെ.ഡി.എസിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറുകയായിരുന്നു.

We use cookies to give you the best possible experience. Learn more