ഖൊരക്പൂര്‍: കര്‍ണാടകയില്‍ ബി.ജെ.പി വ്യക്തമായ ഭൂരപക്ഷത്തോടെ ജയിച്ച് മന്ത്രിസഭ രൂപീകരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് അധികാരം ദുര്‍വിനിയോഗം ചെയ്തതായും യോഗി ആരോപിച്ചു.
“കോണ്‍ഗ്രസ് അവിടെ അധികാരം ദുര്‍വിനിയോഗം ചെയ്തു. അവരുടെ മന്ത്രിമാരടക്കം വോട്ട് നേടാന്‍ വേണ്ടി പരസ്യമായി പണം വിതരണം ചെയ്യുകയാണ്.”- യോഗി ആരോപിച്ചു.
പക്ഷേ കര്‍ണാടകയിലെ ജനങ്ങള്‍ വിവേകമുള്ളവരാണെന്നും അവരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിച്ചെന്നും യോഗി അവകാശപ്പെട്ടു. വന്‍ഭൂരിപക്ഷത്തോടെ ബി.ജെ.പി ജയിക്കുമെന്നും യോഗി പ്രത്യാശ പ്രകടിപ്പിച്ചു.
“കര്‍ണാടകയില്‍ കര്‍ഷക ആത്മഹത്യ വളരെയധികമാണ്. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണങ്ങള്‍ ജനങ്ങളിലെത്തുന്നില്ല. രാഷ്ട്രീയ വൈരത്തോടെയാണ് അവിടുത്തെ സര്‍ക്കാര്‍ ഭരിക്കുന്നത്. അവര്‍ അതിന് വില നല്‍കേണ്ടി വരും”- യോഗി പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയായി. രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്