ബെംഗളൂരു: തെരഞ്ഞെടുപ്പ് ചൂട് മുറുകുന്നതിനിടെ കര്‍ണാടകയില്‍ ഇക്കുറി താമര വിരിയാന്‍ സാധ്യതയില്ലെന്ന് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ട്. ലോക് പോള്‍ സര്‍വേ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രവചനം.
39-42 ശതമാനം വരെ കോണ്‍ഗ്രസ് വോട്ടുനേടുമെന്നും, 33-36 ശതമാനം ബി.ജെ.പിയും. 15-18 ശതമാനം ജനതാദള്‍ എസും നേടുമെന്നാണ് പ്രവചനം.
അഴിമതി വിരുദ്ധ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന ബി.ജെ.പിക്ക് പാര്‍ട്ടി എം.എല്‍.എ കോഴ വാങ്ങുന്നത് പിടിക്കപ്പെട്ടത് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ടിപ്പു സുല്‍ത്താനെതിരായ പരാമര്‍ശങ്ങളും മുസ്‌ലിം വിരുദ്ധതയും സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പി വിരുദ്ധ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശരിയായ വികസനത്തിന്റെ അഭാവവും കോലി സമുദായത്തിന് സംവരണം നല്‍കാത്തതും കര്‍ണാടകയിലെ കല്യാണ്‍ പ്രദേശത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ബി.ജെ.പി വിരുദ്ധ കാഴ്ചപ്പാടിന് കാരണമായിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിയമിച്ചത് മൂലം പ്രദേശത്തെ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കിത്തൂരില്‍ കോണ്‍ഗ്രസിന് അനുകൂല വോട്ടുകള്‍ ഉണ്ടാകുമെങ്കിലും ആര്‍.എസ്.എസ് ശാഖകള്‍ കാര്യക്ഷമമായി പ്രവര്‍ത്തികുന്ന മേഖലയായതിനാല്‍ കടുത്ത പോരാട്ടമുണ്ടാകാനാണ് സാധ്യത. ബി.ജെ.പി വളര്‍ന്നതോടെ പഴയ മൈസൂരു പ്രദേശത്ത് ജനതാദള്‍ എസ് തകര്‍ച്ചയുടെ വക്കിലാണ്. എങ്കിലും അഴിമതിയും മറ്റ് ഭരണ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് നിഗമനം.