| Monday, 24th September 2018, 6:06 pm

റാഫേല്‍ അഴിമതി ബി.ജെ.പിക്ക് കൂടുതല്‍ കുരുക്കാവുന്നു; കേന്ദ്ര വിജിലന്‍സ് കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടിലെ അഴിമതിയില്‍ കേന്ദ്രസര്‍ക്കാറിനെയും ബി.ജെ.പിയേയും കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസ്. അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘം കേന്ദ്ര വിജിലന്‍സ് കമ്മീഷനെ സമീപിച്ചു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരിക്ക് നിവേദനം കൈമാറിയത്. കരാറില്‍ അഴിമതിയുടെ ദുര്‍ഗന്ധമുണ്ടെന്നും കമ്മീഷന്റെ ഉചിതമായ ഇടപെടല്‍ വേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഫേല്‍ കരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മഹര്‍ഷിയെ സമീപിച്ചതിനു പിന്നാലെയാണ് സി.വി.സിയുമായുള്ള കൂടിക്കാഴ്ച്ച.


Read Also : ഗണേശ വിഗ്രഹ നിമഞ്ജനം; മുംബൈ കടല്‍ തീരത്ത് ചത്തടിഞ്ഞത് ആയിരക്കണക്കിന് മത്സ്യങ്ങള്‍


മോദി സര്‍ക്കാര്‍ മുന്നോട്ടുവച്ച റഫേല്‍ കരാര്‍ പ്രതിരോധ മേഖലയില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് ആരോപിക്കുന്ന നിവേദനത്തില്‍ കരാറിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രതിരോധ മന്ത്രാലയം പ്രതികരിക്കാന്‍ വിസമ്മതിക്കുന്നത് അഴിമതിയുണ്ടെന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനാണെന്നായിരുന്നു റാഫേല്‍ വിഷയത്തില്‍ രാഹുല്‍ പറഞ്ഞത്. ഓരോ ദിവസവും പ്രതിരോധമന്ത്രി പുതിയ പുതിയ കള്ളങ്ങള്‍ പറയുകയാണ്. ചരിത്രത്തിലാദ്യമായി ഒരു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നമ്മുടെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്‍കുകയാണ് മോദി ചെയ്തിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത് സത്യമാണോ അല്ലെങ്കില്‍ തെറ്റാണോയെന്ന് പ്രധാനമന്ത്രി വിശദമാക്കണം. അദ്ദേഹം ഇതുവരെ യാതൊന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചിരുന്നു.


We use cookies to give you the best possible experience. Learn more