വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധിയുടെ പി.എയടക്കം നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ജൂണ്‍ 24നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തകര്‍ത്തത്. സംഭവത്തില്‍ 29 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. എന്നാല്‍ ഗാന്ധി ചിത്രം തകര്‍ത്തത് തങ്ങള്‍ അല്ലെന്ന് എസ്.എഫ്.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിഷയത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു.
നേരത്തെ വിഷയത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഒളിവിലാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഗാന്ധി ചിത്രം തകര്‍ത്ത നിലയിലുള്ള ചിത്രങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.എഫ്.ഐക്കെതിരെ ഉപയോഗിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ പൊലീസ് പുറത്തുവിട്ട ഫോട്ടോകളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷവും ഗാന്ധി ചിത്രം ഭിത്തിയിലുണ്ടായിരുന്നതിന്റെ ഫോട്ടോകള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 3.59നാണ് ഫോട്ടോഗ്രാഫര്‍ ആദ്യമായി ചിത്രം പകര്‍ത്താനെത്തുന്നത്. ഇതില്‍ ഗാന്ധിയുടെ ചിത്രം ചുമരിലുള്ളതായാണ് കാണുന്നത്. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഓഫീസ് സന്ദര്‍ശിക്കാനെത്തിയത്. ഈ സമയത്ത് പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്തു നിന്നും നീക്കിയിരുന്നു.
ഇവരുടെ അറസ്റ്റും മറ്റ് അനുബന്ധ കാര്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഫോട്ടോഗ്രാഫര്‍ 4.30ന് വീണ്ടും ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുകാരും മാത്രമായിരുന്നു ഓഫീസിലുണ്ടായിരുന്നത്. ഈ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധിയുടെ ചിത്രം താഴെയാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അല്ലെന്ന വാര്‍ത്ത ഇടതുപക്ഷ പ്രൊഫൈലുകളില്‍ വന്ന പോസ്റ്റുകളെ ഉദ്ധരിച്ച് ഡൂള്‍ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു.
എസ്.ഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിക്കുന്ന സമയത്തെ ദൃശ്യങ്ങളിലും പ്രവര്‍ത്തകരെ പുറത്താക്കി പൊലീസ് ഓഫീസിന് ഷട്ടറിട്ട സമയത്തെ ദൃശ്യങ്ങളിലും ഗാന്ധി ചിത്രം ചുമരില്‍ തന്നെയുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് ഇടതുപക്ഷ പ്രൊഫൈലുകളില്‍ പോസ്റ്റ് ചെയ്തിരുന്നത്.
Content Highlight: Congress men including PA of rahul gandhi arrested for dmeolishing gandhi’s photo