ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടവര്‍ ഇനി മുതല്‍ ചില നിബന്ധനകളും പാലിക്കണം. മദ്യവും മയക്കുമരുന്നും വര്‍ജിക്കുമെന്നും പാര്‍ട്ടിനയങ്ങളെ പൊതുവേദിയില്‍ വിമര്‍ശിക്കില്ലെന്നും മെമ്പര്‍ഷിപ്പ് ഫോമില്‍ സത്യവാങ്മൂലമായി നല്‍കണമെന്നാണ് നിര്‍ദേശം.
നിയമപ്രകാരം അനുവദനീയമായതിലും കൂടുതല്‍ വസ്തുവകകള്‍ സ്വന്തമായില്ലെന്നും പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും പ്രചരിപ്പിക്കാന്‍ കായികാധ്വാനവും ജോലിയും ചെയ്യാന്‍ മടിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം.
താന്‍ പതിവായി ഖാദി ധരിക്കുന്നയാളാണെന്നും മെമ്പര്‍ഷിപ്പ് ഫോമില്‍ രേഖപ്പെടുത്തണം. ഇത്തരത്തില്‍ പത്ത് കാര്യങ്ങളാണ് സത്യവാങ്മൂലമായി നല്‍കേണ്ടത്.
നവംബര്‍ ഒന്നുമുതലാണ് കോണ്‍ഗ്രസിന്റെ അംഗത്വവിതരണം ആരംഭിക്കുക. അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ ഇത് നീളും.
അതേസമയം അടുത്ത വര്‍ഷം ആഗസ്റ്റിലാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. 2022 ല്‍ നടക്കുന്ന യു.പി തെരഞ്ഞെടുപ്പിന് ശേഷം മതി പുതിയ അധ്യക്ഷന്‍ എന്നാണ് നേതൃത്വത്തിന്റെ വികാരം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വെച്ചത്. ഇതിന് പിന്നാലെ സോണിയ ഗാന്ധിയെ താല്‍ക്കാലിക അധ്യക്ഷയാക്കുകയായിരുന്നു.