കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ തോമസ് ചാഴികാടന് ആശംസകള്‍ അറിയിച്ച് ജോസ് കെ മാണി ഫേസ്ബുക്കിലിട്ട കുറിപ്പിന് താഴെ കോണ്‍ഗ്രസുകാരുടെ തെറിവിളി.
യു.ഡി.എഫിനെ ബാധിച്ച അര്‍ബുദമാണ് കേരളാ കോണ്‍ഗ്രസ് അഥവാ മാണി കോണ്‍ഗ്രസെന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു. കോട്ടയം സീറ്റ് മാണിയില്‍ നിന്ന് ഏറ്റെടുത്ത് കോണ്‍ഗ്രസ് മത്സരിക്കണം. അല്ലെങ്കില്‍ പി.ജെ ജോസഫിന് പിന്തുണ കൊടുക്കണമെന്നാണ് മറ്റൊരാളുടെ കമന്റ്.
മാണിയുടേയും മകന്റേയും സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് അംഗീകരിക്കും എന്ന് കരുതി കോട്ടയത്തേയോ കേരളത്തിലേയോ ബഹുഭൂരിപക്ഷം വരുന്ന കോണ്‍ഗ്രസുകാര്‍ അംഗീകരിക്കില്ല എന്നാണ് ഒരു കോണ്‍ഗ്രസുകാരന്‍ പറഞ്ഞത്.
ജോസ് കെ മാണി ബി.ജെ.പിയെ പിന്തുണക്കാന്‍ പോലും മടിക്കില്ല എന്ന് മറ്റൊരു പ്രവര്‍ത്തകന്‍ പറയുന്നുണ്ട്. മാണിയും ജോസ് കെ മാണിയും കൂടി യു.ഡി.എഫിന്റെ ഉറച്ച സീറ്റ് കളഞ്ഞുവെന്നും അധികാരത്തിന്റെ അപ്പക്കഷണം എപ്പോഴും നിങ്ങളുടെ മേശയില്‍ വേണം എന്നാണ് മാണി ഗ്രൂപ്പിന്റെ താല്‍പ്പര്യമെന്നും മറ്റൊരാള്‍ പറയുന്നു.
മാണി ഗ്രൂപ്പ് യു.ഡി.എഫിന് തലവേദനയാണെന്നും ഇവര്‍ക്ക് ബിസിനസ് കാര്യം മാത്രം ഉള്ളൂ എന്നും മറ്റൊരാള്‍ പറയുന്നു. എല്‍.ഡി.എഫിനെ ജയിപ്പിക്കാനാണ് മാണി ഗ്രൂപ്പ് ചാഴികാടനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പി.ജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം അട്ടിമറിച്ചത് ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയും ചേര്‍ന്നാണെന്ന് കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം വി.സി ചാണ്ടി പറഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ നടക്കുന്നത് ഏകാധിപത്യ ഭരണമാണെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവനെ സഹായിക്കാനാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയാക്കിയതെന്നും വി.സി ചാണ്ടി ആരോപിച്ചിരുന്നു.
പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളാ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. ജോസഫിന് സീറ്റ് നിഷേധിച്ചത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ജോര്‍ജ്, കണ്ണൂര്‍ ജില്ല സെക്രട്ടറി റോജസ് സെബാസ്റ്റ്യന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.