പാര്‍ട്ടിയെക്കൊണ്ട് നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നല്ല, പാര്‍ട്ടിക്ക് വേണ്ടി നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും, ചിന്തിക്ക്; വിമര്‍ശനവുമായി ജി-23 നേതാവ്
national news
പാര്‍ട്ടിയെക്കൊണ്ട് നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നല്ല, പാര്‍ട്ടിക്ക് വേണ്ടി നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും, ചിന്തിക്ക്; വിമര്‍ശനവുമായി ജി-23 നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2022, 3:13 pm

 

ന്യൂദല്‍ഹ: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിവേക് തന്‍ഖ. നേതൃ മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ ജി-23 നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.

‘ചിന്തിക്കേണ്ട സമയം! പാര്‍ട്ടിയെക്കൊണ്ട് നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നല്ല, പാര്‍ട്ടിക്ക് വേണ്ടി നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. പ്രവര്‍ത്തക സമിതിയോട് അഭ്യര്‍ത്ഥിക്കുക, ഇന്ത്യ എന്ന ആശയം ഒരിക്കല്‍ കൂടി പുനര്‍നിര്‍മ്മിക്കുക. നമുക്ക്  കഴിവുണ്ട്. നമുക്ക് വേണ്ടത് ഒരു കൂട്ടായ പരിശ്രമമാണ്. നാം അത് ചെയ്യുക. നമുക്കത് ചെയ്യാം,’ യോഗത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്‍ഖ ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ദല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കള്‍ നിലപാട് കടിപ്പിച്ചിരുന്നു. ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന ജി 23 നേതാക്കള്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടിരുന്നു.

മാറ്റമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവരടക്കം പങ്കെടുത്ത യോഗം ആവശ്യപ്പെട്ടിരുന്നു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് യോഗം.

 

Content Highlights: Congress meeting to discuss Failure in election