മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്; ശരദ് പവാറും ഉദ്ദവും ഒരുമിച്ച് മാധ്യമങ്ങളെ കാണും
India
മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്; ശരദ് പവാറും ഉദ്ദവും ഒരുമിച്ച് മാധ്യമങ്ങളെ കാണും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 11:07 am

മുംബൈ: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് പിന്നാലെ മുംബൈയില്‍ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്. മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം വിളിച്ചത്. മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കെ.സി. വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം എന്‍.സി.പി നേതാവ് ശരദ് പവാറും ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയും ഇന്ന് 12.30 ന് മാധ്യമങ്ങളെ കാണുന്നുണ്ട്.  അടുത്ത നീക്കം തീരുമാനിക്കാനായി ശിവസേന എം.എല്‍.എമാര്‍ മുംബൈയിലെ ലളിത് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതേസമയം ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയ എന്‍.സി.പി എം.എല്‍.എമാര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് അറിയുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയത്. ഇതിന് പിന്നാലെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും എന്‍.സി.പിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

170 എം.എല്‍.എമാരുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് ഏറ്റവും ഒടുവിലായി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. അജിത് പവാറിന് എന്‍.സി.പിയിലെ 35 എം.എല്‍.എമാരുടെ പിന്തുണയെന്നും ബി.ജെ.പി നേതാവ് ഗിരീഷ് മഹാജന്‍ അവകാശപ്പെട്ടു.

പിന്തുണയുള്ള എം.എല്‍.എമാരുടെ പട്ടിക അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കൈമാറും. അജിത് പവാറായിരിക്കും എന്‍.സി.പിയുടെ നിയമസഭാ കക്ഷി നേതാവ്. എന്‍.സി.പിയുടെ എല്ലാ എം.എല്‍.എമാരുടേയും പിന്തുണ അജിത് പവാറിനുണ്ടെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.