ന്യൂദല്‍ഹി: മണിപ്പൂരില്‍ സമാധാനന്തരീക്ഷം പുനസ്ഥാപിക്കാന്‍ ഇടപെണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ നേരിട്ട് കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചുവെന്നും അവരുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖാര്‍ഗേ ട്വീറ്റ് ചെയ്തു.
‘വളരെ നിരാശയോടും നഷ്ടബോധത്തോടെയുമാണ് രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചത്. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കും. അടിയന്തര നടപടികള്‍ക്കായി 12 ആവശ്യങ്ങളടങ്ങുന്ന നിവേദനം സമര്‍പ്പിക്കുകയാണ്,’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
സുപ്രീം കോടതിയില്‍ നിലവിലുള്ളതോ വിരമിച്ചതോ ആയ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വിഷയത്തിലുണ്ടാകണമെന്നും രാഷ്ടപതിയോട് ആവശ്യപ്പെട്ടതായി ഖാര്‍ഗേ പറഞ്ഞു.
‘തുടക്കത്തില്‍ തന്നെ അക്രമത്തെ നേരിടുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. അതുതന്നെയാണ് ഇപ്പോഴും സംഘര്‍ഷത്തിലേക്ക് നയിച്ചത്. അസാധാരണമായ സംഭവങ്ങളാണ് മണിപ്പൂരില്‍ സംഭവിക്കുന്നത്.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സമാധാനം, ഐക്യം എന്നിവ പുനസ്ഥാപിക്കാനും അക്രമം ഇല്ലാതാക്കാനും ദൃഢമായ നടപടികള്‍ എടുക്കണം. അക്രമം നിയന്ത്രിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം. എല്ലാ തീവ്രവാദ ഗ്രൂപ്പുകളെയും നിയന്ത്രിക്കണം.
എല്ലാ ദുരിതാശ്വാസ ക്യാമ്പുകളുടെയും നടത്തിപ്പും പരിപാലനവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. എല്ലാവര്‍ക്കും ശരിയായ ആരോഗ്യ ശുചിത്വ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കണം,’ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
ഖാര്‍ഗേയോടൊപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിങ്, കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്, മുന്‍ ഉപമുഖ്യമന്ത്രി ഗൈഖംഗം, പി.സി.സി. പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര സിങ്, എ.ഐ.സി.സി. മണിപ്പൂര്‍ ചാര്‍ജുള്ള ഭക്ത് ചരണ്‍ ദാസ് എന്നിവരുമുണ്ടായിരുന്നു.
ബി.ജെ.പിയുടെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് മണിപ്പൂരിലെ ഇപ്പോഴത്തെ അവസ്ഥ കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
’22 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത് രണ്ടാമത്തെ സംഭവമാണ്. 2001 ജൂണിലും മണിപ്പൂര്‍ കത്തിയിരുന്നു. അന്ന് അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നു പ്രധാനമന്ത്രി, 2023ല്‍ മണിപ്പൂര്‍ കത്തുമ്പോള്‍ നരേന്ദ്ര മോദിയാണ് പ്രധാനമന്ത്രി.
നിരവധി നിഷ്‌കളങ്കരായ മനുഷ്യര്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. നൂറുക്കണക്കിന് വീടുകള്‍ കത്തിയമര്‍ന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാറും മൗനം പാലിക്കുന്നു.
മണിപ്പൂര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കപ്പെടണം. അനുരഞ്ജനത്തിലൂടെയും സംഭാഷണങ്ങളിലൂടെയും സമുദായങ്ങള്‍ തമ്മിലുള്ള വിശ്വാസം പുനസ്ഥാപിക്കണം,’ ജയറാം പറഞ്ഞു.
content highlight: congress meet president of india in manippur issue