മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേനാ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ സേനയെ പിന്തുണയ്ക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍. ബി.ജെ.പിയെ പുറത്താക്കാന്‍ എല്ലാ വഴിയും തേടുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പ്രതികരിച്ചു.
തിങ്കളാഴ്ച രാത്രി എട്ടുമണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ബി.ജെ.പിയോടു നിര്‍ദ്ദേശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
‘എന്‍.ഡി.എ പിളര്‍ന്നുകഴിഞ്ഞു. പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യാം. ഇത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നം. സാഹചര്യം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും.’- ചവാന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലാത്തതാണ് ബി.ജെ.പിക്കു തലവേദന. ശിവസേന ഒപ്പമുണ്ടായാല്‍ അതു സാധ്യമാകുമെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവരുടെ കടുംപിടിത്തം തര്‍ക്കങ്ങള്‍ അവസാനിക്കില്ലെന്ന സൂചനയാണു നല്‍കുന്നത്.
ഈ സാഹചര്യത്തിലാണ് ബി.ജെ.പിയെ പുറത്താക്കി അധികാരത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.
കോണ്‍ഗ്രസിനെക്കൂടാതെ എന്‍.സി.പിയും സേനയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ഏറെക്കുറേ നില്‍ക്കുന്നത്. 23 എം.എല്‍.എമാരുടെ പിന്തുണയാണ് ഇനി ബി.ജെ.പിക്കു വേണ്ടത്.
സ്വാഭാവികമായും മറ്റ് പാര്‍ട്ടികളുടെ എം.എല്‍.എമാര്‍ പിന്തുണച്ചെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ കഴിയൂ. ബി.ജെ.പി ഇതിന് വേണ്ടി കുതിരക്കച്ചവടത്തിന് വേണ്ടി ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും കാണും. ചൊവ്വാഴ്ചയാണ് എന്‍.സി.പി നിയമസഭാ കക്ഷി യോഗം നടക്കുന്നത്.