| Wednesday, 31st July 2019, 11:16 am

ഇടക്കാലഅധ്യക്ഷനെ ഒരാഴ്ച്ചക്കകം നിയമിക്കുമെന്ന് കോണ്‍ഗ്രസ്; ഗാന്ധികുടുംബത്തിന് പുറത്തുള്ളവര്‍ മതിയെന്ന് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഒരാഴ്ച്ചക്കകം ഇടക്കാലപ്രസിഡണ്ടിനെ നിയമിച്ചേക്കും. പാര്‍ട്ടി നേതാക്കള്‍ ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ് തീരുമാനം. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വേഗത്തിലാക്കണമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയടക്കം ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ പദവി ഏറ്റെടുക്കട്ടെ എന്ന നിര്‍ദേശം രാഹുല്‍ തള്ളി.

‘ഒരു ഇടക്കാല അധ്യക്ഷനെ പാര്‍ട്ടി തെരഞ്ഞെടുക്കുകയും ഈ ആഴ്ച്ചയില്‍ തന്നെ അവര്‍ക്ക് ചുമതലയേല്‍ക്കുകയും ചെയ്യാം. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായുള്ള ആദ്യപടിയാണിത്.’ മുതിര്‍ന്ന പാര്‍ട്ടി നേതാവ് വ്യക്തമാക്കി.

തിരുവനന്തപുരം എം.പി ശശി തരൂര്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധി രാജി വെച്ച ശേഷം നിലനില്‍ക്കുന്ന നേതൃത്വ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇടക്കാല അധ്യക്ഷ സ്ഥാനത്തിനായി നിരവധി പേരുകളാണ് പട്ടികയിലുള്ളത്. രാജസ്ഥാനില്‍ നിന്നുള്ള സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ കുമാര്‍ സിന്റെ എന്നിവരാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പ്രധാന പേരുകള്‍.

നേതൃത്വത്തിലെ വീഴ്ച്ചയാണ് കര്‍ണ്ണാടകയും ഗോവയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്ന് പാര്‍ട്ടിക്കകത്ത് നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നുവരുന്ന സാഹചര്യം കൂടിയുണ്ട്. എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമായി നിരവധി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതും വലിയ പ്രതിസന്ധിയായി പാര്‍ട്ടിക്കകത്ത് തുടരുകയാണ്.

We use cookies to give you the best possible experience. Learn more