ന്യൂദല്‍ഹി: അദ്ധ്യക്ഷനാവാന്‍ ഇല്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമായി പറഞ്ഞതോടെ പുതിയ അദ്ധ്യക്ഷനെ പെട്ടെന്ന് കണ്ടെത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്. സുശീല്‍ കുമാര്‍ ഷിന്‍ഡെയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ പുതിയ അദ്ധ്യക്ഷനാവും. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാവണം എന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ കുടി പരിഗണിച്ചാണ് ഇപ്പോഴത്തെ നീക്കം.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ, 77കാരനായ സുശീല്‍ കുമാര്‍ ഷിന്‍ഡെ അദ്ധ്യക്ഷനാവാനാണ് നിലവില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള സുശീല്‍ കുമാര്‍ ഷിന്‍ഡെ കോണ്‍ഗ്രസിന്റെ ദളിത് മുഖമാണ്. ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനുമാണ്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഷിന്‍ഡെ അദ്ധ്യക്ഷനായി വരികയാണെങ്കില്‍ നല്ലതാണെന്ന് ചില നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ട്.
കോണ്‍ഗ്രസിനകത്തെ മികച്ച നേതാക്കളിലൊരാളായാണ് 76കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ ലോക്‌സഭയില്‍ പ്രതിപക്ഷത്തെ മികച്ച രീതിയില്‍ നയിച്ചിരുന്നു ഖാര്‍ഗെ. നേരത്തെ ഒന്നിലധികം കോണ്‍ഗ്രസ് കേന്ദ്ര മന്ത്രിസഭകളില്‍ മന്ത്രിയുമായിരുന്നു. ജീവിത്തിലെ ആദ്യ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു ഇക്കുറി. ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ താല്‍പര്യം തന്നെയാണ് ഇവരില്‍ ആര് അദ്ധ്യക്ഷനാവണമെന്ന് നിശ്ചയിക്കുക.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഇനിയില്ലെന്ന് ഔദ്യോഗികമായി രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു . രാജിവെച്ച കാര്യം വ്യക്തമാക്കുന്ന കത്ത് രാഹുല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.