| Friday, 27th September 2019, 12:49 pm

പാലായിലെ തോല്‍വി; ആ സീറ്റുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഇനി ആവശ്യം ശക്തമാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശക്തികേന്ദ്രമായ പാലായില്‍ പരാജയപ്പെട്ടതോടെ കേരള കോണ്‍ഗ്രസിനോട് പഴയ ആവശ്യം വീണ്ടും കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചേക്കും. ഏറ്റുമാനൂര്‍,പൂഞ്ഞാര്‍ എന്നീ സീറ്റുകള്‍ വേണം എന്ന പഴയ ആവശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയേക്കുക.

ഏറ്റുമാനൂര്‍ സീറ്റില്‍ തുടര്‍ച്ചയായി രണ്ട് തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്‍ പരാജയപ്പെട്ടിരുന്നു. ഇതും നിലവിലെ ശക്തികുറവും ചൂണ്ടിക്കാട്ടി ഏറ്റുമാനൂര്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്. നേരത്തെ തന്നെ കോണ്‍ഗ്രസ് സംഘടനയില്‍ ഇക്കാര്യം നേതാക്കള്‍ സൂചിപ്പിരുന്നു.

പൂഞ്ഞാറില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പരമ്പരാഗതമായി വോട്ട് ലഭിച്ചു കൊണ്ടിരുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പി.സി ജോര്‍ജ് എം.എല്‍.എക്ക് എതിരെയുള്ള പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച കേരള കോണ്‍ഗ്രസ് മാണി സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ആഗസ്തിക്ക് 35,800 വോട്ട് മാത്രമേ നേടാനായുള്ളു. ജോര്‍ജ് 28000 വോട്ടുകള്‍ക്കാണ് വിജയിച്ചത്. നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ വിജയിച്ചു കയറാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചിരുന്നത്.

ഈ രണ്ട് സീറ്റുകളും ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നു വരുന്നുണ്ടെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രതികരണം. പാലായിലെ പരാജയത്തോടെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം ശക്തമാവാനാണ് സാധ്യത.

We use cookies to give you the best possible experience. Learn more