അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് കൊടുമ്പിരിക്കൊണ്ടിരിക്കെ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. പട്ടേല്‍ വിഭാഗത്തിന് സംവരണം, ഇന്ധനവില കുറയ്ക്കും, തൊഴിലില്ലാ വേതനം തുടങ്ങിയവയാണ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍.
കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 4000 രൂപ വേതനമായി കൊടുക്കും. 22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ തൊഴിലില്ലായ്മ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമം.
പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പട്ടേല്‍ വിഭാഗത്തിന് തൊഴില്‍ സംവരണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നത്. ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭാരത് സിംഗ് സോളങ്കിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
നിയമസഭയില്‍ പട്ടേല്‍ വിഭാഗത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് ബില്‍ പാസാക്കുമെന്ന് സോളങ്കി പറഞ്ഞു. സംവരണപ്രക്ഷോഭത്തില്‍ സംസ്ഥാനസര്‍ക്കാരിനെ വിറപ്പിച്ച പട്ടേല്‍ വിഭാഗത്തെ കൂടെ നിര്‍ത്തിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനിറങ്ങിയത്.
ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്നതാണ് പട്ടേല്‍ വിഭാഗത്തിന്റെ വോട്ട്. 182 നിയമസഭാമണ്ഡലങ്ങളില്‍ 60 ല്‍ കൂടുതല്‍ മണ്ഡലങ്ങളിലും പട്ടേല്‍ സമുദായത്തിന് കൃത്യമായ വേരോട്ടമുണ്ട്.
ഡിസംബര്‍ 9,14 തിയ്യതികളിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായതിനാല്‍ തന്നെ രാജ്യമുറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്.