ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടനട പത്രികയില്‍ വിഭവങ്ങളുടെ വിതരണത്തെ കുറിച്ച് പറയുന്നുണ്ടെന്ന നരേന്ദ്രമോദിയുടെ കള്ളം ആവര്‍ത്തിച്ച എ.എന്‍.ഐ എഡിറ്റര്‍ സ്മിത പ്രകാശിനെ തിരുത്തി കബില്‍ സിബല്‍. പോഡ്കാസ്റ്റ് വിത്ത് സ്മിത പ്രകാശ് എന്ന അഭിമുഖത്തിനിടെയാണ് പ്രധാനമന്ത്രി നേരത്തെ പറഞ്ഞ നുണകള്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ച എ.എന്‍.ഐ എഡിറ്ററുടെ വാദങ്ങള്‍ക്ക് കബില്‍ സിബല്‍ മറുപടി നല്‍കിയത്.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ വിഭവങ്ങളുടെ വിതരണത്തെ കുറിച്ച് പറയുന്നുണ്ടെന്നായിരുന്നു എ.എന്‍.ഐ എഡിറ്ററുടെ അവകാശ വാദം. ഉടന്‍ തന്നെ കബില്‍ സിബല്‍ അതിനെ ചോദ്യം ചെയ്തു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ എവിടെയാണ് അത് പറയുന്നതെന്നും അത് കാണിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ പ്രകടന പത്രികയില്‍ പറയുന്നതല്ല മറിച്ച് പ്രകടന പത്രികയെ അങ്ങനെയാണ് വ്യാഖ്യാനിക്കുന്നത് എന്നായി സ്മിത പ്രകാശ്. നിങ്ങള്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ളത് ഭരണഘടനയുടെ 39ാം ആര്‍ട്ടിക്കിളാണെന്നും അതില്‍ എന്താണ് തെറ്റുള്ളതെന്നും കബില്‍ സിബല്‍ മറുപടി നല്‍കി.
പ്രധാനമന്ത്രി തെറ്റായ കാര്യങ്ങളാണ് കോണ്‍ഗ്രസിന്റെ ഭരണഘടനയെ കുറിച്ച് പറയുന്നതെന്നും സ്മിത പ്രകാശ് ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയുടെ വ്യാഖ്യാനങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണെന്നും കബില്‍ സിബല്‍ പറഞ്ഞു.
രാജ്യത്തെ വിഭവങ്ങളുടെ ആദ്യത്തെ അവകാശം മുസ്‌ലിങ്ങള്‍ക്കാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു എന്ന നരേന്ദ്രമോദിയുടെ കള്ളം സ്മിത പ്രകാശും ആവര്‍ത്തിച്ചപ്പോള്‍ അതിനെയും കബില്‍ സിബല്‍ എതിര്‍ത്തു. താനും ആ മന്ത്രി സഭയില്‍ അംഗമായിരുന്നു എന്നും നിങ്ങള്‍ വസ്തു നിഷ്ഠമായി സംസാരിക്കണമെന്നും സിബല്‍ പറഞ്ഞു. നിങ്ങള്‍ സംവരണത്തെയും വിഭവങ്ങളുടെ വിതണരത്തെയും തമ്മില്‍ കൂട്ടിക്കുഴക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: Congress Manifesto; Kabil Sibal oppose ANI editor for repeating Modi’s lie