| Friday, 5th April 2024, 5:16 pm

സി.എ.എ വിഷയത്തിൽ മൗനം പാലിച്ച് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുമ്പോഴും സി.എ.എ വിഷയത്തില്‍ മൗനം വെടിയാതെ കോണ്‍ഗ്രസ്. സാധാരണക്കാര്‍ക്കും വനിതകള്‍ക്കും പ്രയോജനമാകുന്ന നിരവധി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും സി.എ.എ വിഷയം പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ഉൾപ്പെടുത്തിയില്ല.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. വിവാദ സി.എ.എ നിയമം റദ്ദാക്കുമെന്ന് പ്രകടന പത്രികയില്‍ പാർട്ടി ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ പത്രിക പുറത്തിറക്കിയപ്പോള്‍ സി.എ.എ നിയമം കോണ്‍ഗ്രസ് പരാമര്‍ശിക്കുക പോലും ചെയ്തില്ല.

സി.എ.എ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് പഠിച്ചിട്ട് മറുപടി നൽകാമെന്നാണ് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ മുമ്പ് പ്രതികരിച്ചത്. സി.എ.എ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയതിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നിലെ രാഷ്ട്രീയം മാത്രമായിരുന്നു അദ്ദേഹം ചോദ്യം ചെയ്തത്.

സി.എ.എ വിഷയത്തിൽ ദേശീയ തലത്തിൽ കോൺ​ഗ്രസ് പുലർത്തുന്ന മൗനത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഇതിന് മുമ്പും ഉയർന്നിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും അടുത്തിടെ വിഷയത്തിൽ കോൺ​ഗ്രസിനെതിരെ രം​ഗത്തെത്തിയിരുന്നു. വിവാദ സി.എ.എ നിയമത്തെ കുറിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയിൽ ഒരക്ഷരം പോലും മിണ്ടിയില്ലെന്നാണ് പിണറായി വിജയൻ പറഞ്ഞത്.

ജാതി സെന്‍സസ് നടപ്പാക്കുമെന്നും എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം ഉയര്‍ത്താന്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്നും വാര്‍ധക്യ കാല പെന്‍ഷന്‍ തുക ആയിരം രൂപയായി ഉയര്‍ത്തുമെന്നുമാണ് കോൺ​ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. പാവപ്പെട്ടവര്‍ക്കായി മഹാലക്ഷ്മി പദ്ധതിയാണ് പാർട്ടിയുടെ മറ്റൊരു പ്രധാന വാഗ്ദാനം. 2025 മുതല്‍ കേന്ദ്ര സര്‍ക്കാരിലെ പകുതി തസ്തികകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും.

ജാതികളും ഉപജാതികളും ഏതൊക്കെയെന്നും അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ എങ്ങനെയാണെന്നും മനസിലാക്കാന്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് നടത്തുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ഡാറ്റയുടെ അടിസ്ഥാനത്തില്‍, തുടര്‍ നടപടികള്‍ പാര്‍ട്ടി ശക്തിപ്പെടുത്തുമെന്നും പ്രകടന പത്രിക അവകാശപ്പെട്ടു.

പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ 50 ശതമാനം പരിധി ഉയര്‍ത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കുമെന്നാണ് പാര്‍ട്ടിയുടെ മറ്റൊരു വാഗ്ദാനം.

ന്യൂനപക്ഷങ്ങള്‍ക്ക് വിവേചനമില്ലാതെ ബാങ്കുകള്‍ സ്ഥാപനപരമായ വായ്പ നല്‍കുമെന്ന് പാര്‍ട്ടി ഉറപ്പാക്കും. വിദ്യാഭ്യാസം, ആരോഗ്യം, പൊതു തൊഴില്‍, പൊതുമരാമത്ത് കരാറുകള്‍, നൈപുണ്യ വികസനം, കായികം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിവേചന രഹിതമായി അവരുടെ ന്യായമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും പത്രികയിൽ പറയുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് വസ്ത്രധാരണം, ഭക്ഷണം, ഭാഷ, വ്യക്തിനിയമം എന്നിവ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കും.വിദേശ പഠനത്തിനുള്ള മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പുകള്‍ പാര്‍ട്ടി പുനഃസ്ഥാപിക്കുകയും സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. ഇത്തരത്തിൽ നിരവധി വാ​ഗ്ദാനങ്ങൾ നൽകുമ്പോഴും സി.എ.എ നിയമം പിൻവലിക്കുന്നത് മാത്രം പ്രകടന പത്രികയിൽ കോൺ​ഗ്രസ് ഉൾപ്പെടുത്തിയിട്ടില്ല.

Content Highlight: Congress manifesto by keeping silent on CAA issue

We use cookies to give you the best possible experience. Learn more