| Monday, 25th July 2022, 5:49 pm

ഈ ഫാസിസ്റ്റ് കാലത്ത് ഈ സസ്പെന്‍ഷനൊക്കെ ആത്മാഭിമാനത്തിന്റെ പതക്കം: ടി.എന്‍. പ്രതാപന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ തന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ടി.എന്‍. പ്രതാപന്‍. ഈ ഫാസിസ്റ്റ് കാലത്ത് ഈ സസ്പെന്‍ഷനൊക്കെ ആത്മാഭിമാനത്തിന്റെ പതക്കമാണെന്ന് പതാപന്‍ പറഞ്ഞു. പ്രതിഷേധ വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയാക്കിയും പ്രതിഷേധം തന്നെ ഇല്ലാതാക്കാന്‍ നോക്കിയും ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനാണോ ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രതാപന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതാപന്റെ പ്രതികരണം.

വിലക്കയറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചക്കു പോലും ധൈര്യമില്ലാത്ത വിധം സാമ്പത്തിക മേഖലയുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് നഷ്ടമായിരിക്കുകയാണ്. അദാനി ലോക സമ്പന്നനായി പടികയറുമ്പോള്‍ പട്ടിണിക്കാരുടെ എണ്ണത്തില്‍ നമ്മുടെ രാജ്യം പാതാളത്തിലേക്കാണ് ഇറങ്ങുന്നതെന്നും പ്രതാപന്‍ പറഞ്ഞു.

‘ഇത് നാലാം തവണയാണ് ന്യായത്തിന് വേണ്ടി നിലകൊണ്ടതിന് എന്നെ ഇവര്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഈ ഫാസിസ്റ്റ് കാലത്ത് ഈ സസ്പെന്‍ഷനൊക്കെ എനിക്ക് ആത്മാഭിമാനത്തിന്റെ പതക്കമാണ്. ജനങ്ങള്‍ എന്നെ അയച്ചത് നീതിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കാനാണ്. ഞാനത് ചെയ്യും. പേടിക്കില്ല; പോരാട്ടത്തിന് അവധിയുമില്ല,’ ടി.എന്‍. പ്രതാപന്‍ വ്യക്തമാക്കി.

പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എം.പിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാര്‍. സഭാ കാലയളവ് വരെ സസ്പെന്‍ഷന്‍ തുടരും. പാര്‍ലമെന്റില്‍ രണ്ടാം ആഴ്ചയും കനത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

വിലക്കയറ്റം, ജി.എസ്.ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഇന്ന് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധം കനത്തതോടെയായിരുന്നു സ്പീക്കര്‍ ഓം ബിര്‍ല കര്‍ശനമായ നടപടി സ്വീകരിച്ചത്. പ്രതിഷേധം കനത്തതോടെ സഭാ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്ത് എന്തൊക്കെ അക്രമം നടന്നാലും, ഏതൊക്കെ ജനകീയ പ്രശ്ങ്ങള്‍ ഉണ്ടായാലും പഞ്ചപുച്ഛമടക്കി മിണ്ടാതെ ഇരിക്കുന്ന പ്രതിപക്ഷമാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പ്രതിഷേധ വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയാക്കിയും പ്രതിഷേധം തന്നെ ഇല്ലാതാക്കാന്‍ നോക്കിയും ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനാണോ ബി.ജെ.പി ശ്രമിക്കുന്നത്!

ദിനേനയെന്നോണം വിലകയറുമ്പോള്‍, ഭക്ഷണവും ഇന്ധനവുമടക്കം എല്ലാം സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറത്താവുമ്പോള്‍ പ്രതിഷേധം പ്രതിപക്ഷത്തിന്റെ കടമയാണ്. വിലക്കയറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചക്കു പോലും ധൈര്യമില്ലാത്ത വിധം സാമ്പത്തിക മേഖലയുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് നഷ്ടമായിരിക്കുകയാണ്. അദാനി ലോക സമ്പന്നനായി പടികയറുമ്പോള്‍ പട്ടിണിക്കാരുടെ എണ്ണത്തില്‍ നമ്മുടെ രാജ്യം പാതാളത്തിലേക്കാണ് ഇറങ്ങുന്നത്.

വിഷയത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധമുണ്ട്. ഇന്നത്തെ പ്രതിഷേധത്തിന്റെ പേരില്‍ ഭീരുക്കളായ ബിജെപി സര്‍ക്കാര്‍ എന്നെയും സഹപ്രവര്‍ത്തകരായ മാണിക്കം ടാഗോര്‍, ജ്യോതിമണി, രമ്യ ഹരിദാസ് തുടങ്ങിയവരെയും ലോകസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ഇത് നാലാം തവണയാണ് ന്യായത്തിന് വേണ്ടി നിലകൊണ്ടതിന് എന്നെ ഇവര്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഈ ഫാസിസ്റ്റ് കാലത്ത് ഈ സസ്പെന്‍ഷനൊക്കെ എനിക്ക് ആത്മാഭിമാനത്തിന്റെ പതക്കമാണ്. ജനങ്ങള്‍ എന്നെ അയച്ചത് നീതിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കാനാണ്! ഞാനത് ചെയ്യും. പേടിക്കില്ല; പോരാട്ടത്തിന് അവധിയുമില്ല.

CONTENT HIGHLIGHTS:  Congress M.P.T.N Pratapan reacts to his suspension from Parliament
We use cookies to give you the best possible experience. Learn more