|

പണപ്പെരുപ്പത്തെ കേന്ദ്ര ബജറ്റ് 10 വാക്കിലൊതുക്കി; തൊഴിൽ പ്രഖ്യാപനങ്ങൾ സാധ്യമാവുമെന്ന് ഉറപ്പില്ല; രാജ്യസഭയിൽ പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാജ്യസഭയിൽ 2024 കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി പി. ചിദംബരം. കേന്ദ്ര ബജറ്റിലെ പണപ്പെരുപ്പത്തെ സംബന്ധിക്കുന്ന പരാമർശവും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായുള്ള പ്രഖ്യാപനങ്ങളും ചൂണ്ടിക്കാട്ടിയാണ് വിമർശനം.

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇ.എൽ.ഐ (എംപ്ലോയിമെന്റ് ലിങ്ക്ഡ് ഇൻസെന്റീവ്) പദ്ധതിയുടെ സാധ്യതകൾ എന്തെല്ലാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‌ വിവരിക്കാൻ കഴിയുമോയെന്ന് പി. ചിദംബരം ചോദിച്ചു.

‘നേരത്തെ നിലവിലുണ്ടായിരുന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പി.എൽ.ഐ) പദ്ധതിയുടെ നേട്ടത്തെ കുറിച്ച് ധനമന്ത്രി പറയാൻ തയ്യാറാണെങ്കിൽ, കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ച ഇ.എൽ.എയിൽ നിന്ന് എന്താണ് ഞങ്ങൾ പ്രതീക്ഷിക്കേണ്ടതെന്ന് മനസിലാക്കാം.

നിങ്ങൾ അവതരിപ്പിച്ച ഇ.എൽ.ഐയ്ക്ക് കീഴിൽ 290 ലക്ഷം യുവാക്കളെ അണിനിരത്താൻ സാധിക്കുമെന്നതിൽ സംശയമുണ്ട്. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ എന്നതുപോലെ മറ്റൊരു പൊള്ളയായ വാഗ്ദാനമാകരുത് നിങ്ങളുടെ ഇ.എൽ.ഐ,’ എന്നാണ് പി. ചിദംബരം പറഞ്ഞത്.

ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം നൽകുമെന്നാണ് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി കേന്ദ്ര ബജറ്റ് മുന്നോട്ടുവെച്ച ഒരു പ്രഖ്യാപനം. എന്നാൽ ഇത് കോൺഗ്രസ് പ്രകടനപത്രികയിലെ മുപ്പതാം പേജിൽ പ്രതിപാദിക്കുന്ന ഇ.എൽ.ഐയ്ക്ക് സമാനമാണെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയിരുന്നു.

രാജ്യത്തെ തൊഴിലില്ലായ്മയുടെ വ്യാപ്തി ഭീകരമായ അവസ്ഥയാണ് നേരിടുന്നതെന്നും പി. ചിദംബരം രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. യു.പി പൊലീസ് ഡിപ്പാർട്ട്‌മെൻ്റിലെ 60,244 ഒഴിവുകളിലേക്ക് 48 ലക്ഷം യുവാക്കളാണ് അപേക്ഷ നൽകിയത്. എയർ ഇന്ത്യയിലെ 2,216 ഒഴിവുകളിലേക്ക് 25,000 യുവാക്കൾ അപേക്ഷ നൽകി.

ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ അഞ്ച് തസ്തികകളിലേക്ക് അപേക്ഷ നൽകിയത് 1,000 യുവാക്കൾ. മധ്യപ്രദേശിൽ 15 ഒഴിവുകളിലേക്കായി മത്സരിച്ചത് 11,000 അപേക്ഷകർ. യു.പി എസ്.എസ്.സി പരീക്ഷയിൽ 7,500 ഒഴിവുകളിലേക്ക് 24,74,030 പേരാണ് അപേക്ഷ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ ഇത്രയും യുവാക്കൾ തൊഴിലിനായി നെട്ടോട്ടമോടുമ്പോൾ ആർ.ബി.ഐ പറയുന്നത് രാജ്യത്ത് തൊഴിൽ പ്രതിസന്ധിയില്ലെന്നാണെന്നും പി. ചിദംബരം ചൂണ്ടിക്കാട്ടി. പണപ്പെരുപ്പത്തെ ധനമന്ത്രി പത്ത് വാക്കുകളിൽ ഒതുക്കിയെന്നും ചിദംബരം വിമർശിച്ചു.

ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ പണപ്പെരുപ്പം അതിന്റെ ഉച്ചസ്ഥായിലാണെന്നും ഭക്ഷ്യവിലപെരുപ്പം നിയന്ത്രിക്കേണ്ടതുണ്ടെന്നും പി. ചിദംബരം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമാണെന്നാണ് സെൻ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തങ്ങളുടെ പ്രകടന പത്രിക കോപ്പിയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് നിയന്ത്രണം വരുത്തുന്നില്ല. നിങ്ങൾ ഇത് തുടരണം, കോൺഗ്രസ് ഇതിനെ പ്രോത്സാഹിപ്പിക്കാം. ദയവായി തങ്ങളുടെ പ്രകടന പത്രികയിൽ നിന്ന് തുടർന്നും കേന്ദ്ര സർക്കാർ കടമെടുക്കണമെന്നും പി. ചിദംബരം പരിഹസിച്ചു.

Content Highlight: Congress M.P P. Chidambaram severely criticized the Union Budget 2024 in the Rajya Sabha