കയ്യാങ്കളിക്കൊടുവില്‍ എം.പിയുടെ ഇറങ്ങിപ്പോക്ക്: എലത്തൂരിനെ ചൊല്ലി യു.ഡി.എഫില്‍ നാടകീയ രംഗങ്ങള്‍
Kerala Election 2021
കയ്യാങ്കളിക്കൊടുവില്‍ എം.പിയുടെ ഇറങ്ങിപ്പോക്ക്: എലത്തൂരിനെ ചൊല്ലി യു.ഡി.എഫില്‍ നാടകീയ രംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th March 2021, 12:13 pm

കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം മൂര്‍ച്ഛിക്കുന്ന എലത്തൂരില്‍ യു.ഡി.എഫിന് അടി പതറുന്നു. സമവായത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് എം.പി എം.കെ രാഘവന്‍ ഇറങ്ങിപ്പോയി. എന്‍.സി.കെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് എം.കെ രാഘവന്‍ ഇറങ്ങിപ്പോയത്.

വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. മുതിര്‍ന്ന നേതാക്കളടക്കം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ എലത്തൂര്‍ യു.ഡി.എഫിന് കടുത്ത തലവേദനയായിരിക്കുകയാണ്.

അതേസമയം കോഴിക്കോട് ഡി.സി.സിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അടിപിടിയുണ്ടായിരുന്നു. സമവായ യോഗം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് എലത്തൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഓഫീസിന് പുറത്ത് ബഹളം ആരംഭിച്ചത്. സമവായത്തിന് തയ്യാറല്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

എലത്തൂര്‍ സീറ്റ് എന്‍.സി.കെക്ക് വിട്ടുനല്‍കരുതെന്നും അത്തരത്തിലൊരു സമവായത്തിനായാണ് ശ്രമിക്കുന്നതെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഡി.സി.സി ഭാരവാഹികള്‍ പ്രവര്‍ത്തകെര അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

എലത്തൂരില്‍ നിന്നും യു.ഡി.എഫിന്റെ ഭാഗമായ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മാണി സി. കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയുടെ സ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരി, ഭാരതീയ നാഷണല്‍ ജനതാദളിന്റെ സെനിന്‍ റാഷി എന്നിവരും കോണ്‍ഗ്രസ് വിമതനായി കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം യു.വി ദിനേശ് മണിയുമാണ് ഇവിടെ യു.ഡി.എഫില്‍ നിന്നും മത്സരിക്കുന്നത്.

എന്‍.സി.പി നേതാവും ഗതാഗത മന്ത്രിയുമായ എ.കെ ശശീന്ദ്രനാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ശശീന്ദ്രനെതിരെ വിവാദങ്ങളുയര്‍ന്നിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മികച്ച കോണ്‍ഗ്രസ് നേതാവിനെ നിര്‍ത്തിയാല്‍ ജയിക്കാനാകുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിഗമനം. എന്നാല്‍ സഖ്യകക്ഷിയായ എന്‍.സി.കെയ്ക്ക് യു.ഡി.എഫ് നേതൃത്വം സീറ്റ് നല്‍കുകയായിരുന്നു. ഇതാണ് പ്രവര്‍ത്തകരുടെ എതിര്‍പ്പിന് ഇടയാക്കിയത്.

അതേസമയം തിരുവനന്തപുരത്ത് വെച്ച് നടന്ന യോഗത്തില്‍ വെച്ച് എലത്തൂര്‍ സീറ്റ് തങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്ന് മറ്റൊരു സഖ്യകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളും അവകാശപ്പെടുന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ആരായിരിക്കും പത്രിക പിന്‍വലിക്കുകയെന്ന് അടുത്ത ദിവസങ്ങളില്‍ വ്യക്തമാകും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Congress M P M K Raghavan storms out of DCC meeting about Elathoor seat issues