| Thursday, 6th September 2012, 8:35 am

പട്ടികജാതി സംവരണത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് എം.പി മാരുടെ യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് ജോലിക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്ത്. ഒ.ബി.സി വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം എം.പിമാര്‍ ആവശ്യപ്പെട്ടു. []

ഇവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തെയടക്കം ഒ.ബി.സി എം.പിമാരുടെ കൂട്ടായ്മ ദല്‍ഹിയില്‍ സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി കെ.പി ധനപാലന്‍ കേന്ദ്രമന്ത്രിമാരായ വി.നാരായണസ്വാമി, സച്ചിന്‍ പൈലറ്റ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് സമീപമുള്ള കോണ്‍ഗ്രസ് എം.പി വി.ഹനുമന്ത് റാവുവിന്റെ വീട്ടിലാണ് യോഗം നടന്നത്. കേന്ദ്രസര്‍ക്കാരിനെ പുറത്തുനിന്നും പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും സഖ്യ കക്ഷിയായ ഡി.എം.കെയും  സ്ഥാനക്കയറ്റ സംവരണത്തിന് എതിരാണ്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ ഇന്നലെയാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സഭയില്‍ കയ്യാങ്കളി വരെ അരങ്ങേറി.

കേന്ദ്രമന്ത്രി നാരായണസ്വാമി ബില്‍ അവതരിപ്പിച്ചയുടന്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് എസ്.പി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more