| Tuesday, 14th May 2019, 6:37 pm

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പ്; കേസെടുക്കാന്‍ വിസ്സമ്മതിച്ച പൊലീസിനെതിരേ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ബറേലി (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ വാഹനവ്യൂഹത്തിനുനേരെ അജ്ഞാതരുടെ വെടിവെപ്പ്. ജില്ലാ പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കുന്നതിനിടെ പഞ്ചായത്ത് ഓഫീസിലേക്കു പോകവെയാണ് എം.എല്‍.എ അദിതി സിങ്ങിന്റെ വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പും കല്ലേറുമുണ്ടായത്.

പരിക്കേറ്റ എം.എല്‍.എയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബച്‌റവാന്‍ ടോള്‍പ്ലാസയ്ക്കു സമീപം നടന്ന ആക്രമണത്തില്‍ എം.എല്‍.എയ്‌ക്കൊപ്പമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും പരിക്കേറ്റു.

യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്ന ലോക്‌സഭാ മണ്ഡലമാണ് റായ്ബറേലി. സോണിയക്കെതിരേ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി ദിനേഷ് സിങ്ങിന്റെ സഹോദരന്‍ അവദേഷ് സിങ്ങാണ് ജില്ലാ പ്രസിഡന്റ്. അവദേഷിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനാണ് എം.എല്‍.എ പോയത്.

കേസെടുക്കാന്‍ വിസ്സമ്മതിച്ച പൊലീസിനും ജില്ലാ ഭരണകൂടത്തിനുമെതിരേ ഷഹീദ് ചൗനില്‍ അദിതി ധര്‍ണ നടത്തുകയും ചെയ്തു. മുന്‍മന്ത്രി മനോജ് കുമാര്‍ പാണ്ഡെ അടക്കമുള്ളവര്‍ ധര്‍ണയില്‍ പങ്കെടുത്തു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ വിസ്സമ്മതിച്ചെന്നും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. തനിക്കെതിരായ ആക്രമണം ആസൂത്രിതമാണെന്ന് അദിതി പ്രതികരിച്ചു.

അഞ്ചുവട്ടം എം.എല്‍.എയായ അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി. യു.എസിലെ ഡ്യൂക് സര്‍വകലാശാലയില്‍ മാനേജ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം ചെയ്തിരുന്ന അദിതി അവിടെനിന്നു തിരിച്ചെത്തിയശേഷം മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 2017-ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലി നിയമസഭാ മണ്ഡലത്തില്‍ നിന്ന് തൊണ്ണൂറായിരത്തോളം വോട്ടുകള്‍ക്കാണ് അദിതി ജയിച്ചുകയറിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വിശ്വസ്തയായാണ് അദിതിയെ വിലയിരുത്തുന്നത്.

We use cookies to give you the best possible experience. Learn more