ന്യുദല്‍ഹി: ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. ദല്‍ഹിയിലെ രാജ്ഘട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള 20 പാര്‍ട്ടികളുടെ പ്രതിഷേധ ധര്‍ണ്ണ നടക്കുന്നുണ്ട്. ഒമ്പത് മണി മുതല്‍ മൂന്നു മണിവരെയാണ് ധര്‍ണ.
ഇന്ധന വിലവര്‍ധനയെക്കുറിച്ച് ബി.ജെ.പി. മൗനം പാലിക്കുകയാണെന്നും വിലക്കയറ്റത്തെക്കുറിച്ചോ രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചോ ബി.ജെ.പി. മിണ്ടുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഞായറാഴ്ച ഇന്ധനവില റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ചില സംസ്ഥാനങ്ങളില്‍ ട്രെയിന്‍ അടക്കമുള്ള വാഹന ഗതാഗതം തടയുന്നുണ്ട്. പ്രതിപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ് ബന്ദ് കാര്യമായി ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തൃണമുല്‍ കോണ്‍ഗ്രസും ബി.എസ്.പിയും ബന്ദില്‍ നിന്ന് വിട്ടു നിന്നു.
ബിഹാറില്‍ ബന്ദ് അനുകൂലികള്‍ രാവിലെ ട്രെയിനുകള്‍ തടഞ്ഞു. മിക്കവാറും ദേശീയപാതകളെല്ലാം തടസ്സപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ ബന്ദിനെ നേരിടുന്നതിന് വലിയതോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം നല്‍കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയിലും ബന്ദ് പൂര്‍ണമാണ്.
സി.പി.ഐ.എം അടക്കമുള്ള ഇടതു സംഘടനകളും ബന്ദ് നടത്തുന്നുണ്ട്. രാവിലെ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആന്ധ്രപ്രദേശിലടക്കം വാഹനം തടയുകയും പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്.
ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്. വലിയ രീതിയിലുള്ള സഹകരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നാണ് ഹര്‍ത്താലനുകൂലികള്‍ പറയുന്നത്.
ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക ബന്ദ് നടക്കുന്ന അവസരത്തിലും വില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയുമാണ് ഇന്നത്തെ വില.