കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാകുകയാണ് കോലീബി എന്ന പ്രയോഗം. ഒരിക്കല്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി പാര്‍ട്ടികള്‍ ഇടത് മുന്നണിയ്ക്കെതിരെയുണ്ടാക്കിയ, പിന്നീട് പരസ്യമായ രഹസ്യ രാഷ്ട്രീയ സമവാക്യത്തെയാണ് കോലീബി എന്ന ചുരുക്കപേരില്‍ വിളിക്കുന്നത്. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിന്റെ പ്രസ്താവനയിലൂടെ കോലീബി എന്ന വാക്ക് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
എന്താണ് കോലീബി? വിരുദ്ധ ചേരിയിലുള്ള പാര്‍ട്ടികള്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിനായി ഒന്നാകാനുള്ള സാഹചര്യം എന്തായിരുന്നു?
1991 ലാണ് കേരളത്തില്‍ ആദ്യമായി കോലീബി സഖ്യം രൂപപ്പെട്ടത്. ബി.ജെ.പി നേതാവ് കെ.ജി മാരാരുടെ ജീവചരിത്രത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തിലാണ് കോലീബി സഖ്യം ഉണ്ടായിരുന്നു എന്ന് സമ്മതിക്കുന്നത്.
കെ.ജി. മാരാര്‍
1991 ല്‍ ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. 1989 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ വിജയം നേടിയിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞടുപ്പില്‍ പരാജയം മണത്ത യു.ഡി.എഫ് നേതൃത്വം, ബി.ജെ.പിയുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കുകയായിരുന്നു.
ബേപ്പൂര്‍ നിയമസഭ മണ്ഡലത്തിലും വടകര ലോക്‌സഭ മണ്ഡലത്തിലും ബി.ജെ.പി പൊതു സ്വതന്ത്രരെ നിര്‍ത്തുക. ഇവിടെ കോണ്‍ഗ്രസും ലീഗും ബി.ജെ.പിയെ സഹായിക്കും. പകരം കേരളമാകെ ബി.ജെ.പി യു.ഡി.എഫിനെ സഹായിക്കും.
കേരളത്തിലാകെ യു.ഡി.എഫിനെ പിന്തുണക്കുന്നതിനു പ്രതിഫലമായി മഞ്ചേശ്വരം നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് കെ.ജി മാരാര്‍ക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും വോട്ടു മറിച്ചുനല്‍കി അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്യുക. ഇതായിരുന്നു ആ രഹസ്യ ധാരണ.
ബി.ജെ.പിയുടെ സംഘടനാ സെക്രട്ടറിയായി പി.പി മുകുന്ദനെ നിയമിക്കുന്നതും 91 ല്‍ തന്നെയാണ്. അന്ന് കെ. രാമന്‍പിള്ളയാണ് സംസ്ഥാന പ്രസിഡണ്ട്. ജനറല്‍ സെക്രട്ടറി കെ.ജി മാരാര്‍. ഒ. രാജഗോപാലിനായിരുന്നു അഖിലേന്ത്യാ ഉപാധ്യക്ഷസ്ഥാനവും കേരളത്തിന്റെ സംഘടനാചുമതലയും.
ഒ. രാജഗോപാല്‍
സംഘടനാപരമായി ശക്തമായ നേതൃത്വം ഉള്ളത് തെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കണം എന്ന ചിന്ത ഈ നേതാക്കള്‍ക്കെല്ലാം ഉണ്ടായിരുന്നു. ഇതിന്റെ പരിണിതഫലമാണ് കോലീബി സഖ്യത്തിലേക്ക് നയിച്ചത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ചങ്ങാത്തം സാധ്യമാവില്ലെന്ന തിരിച്ചറിവില്‍ ഐക്യ മുന്നണിയുമായി ചര്‍ച്ച നടത്താന്‍ തന്നെയായിരുന്നു ബി.ജെ.പിയുടെ തീരുമാനം. അന്ന് പ്രതിപക്ഷത്തുള്ള ഐക്യമുന്നണിയ്ക്കും ജയപ്രതീക്ഷ കുറവായിരുന്നു എന്നതും ഈ തീരുമാനത്തിന് കാരണമായി.
കെ.ജി മാരാരുടെ ജീവചരിത്രത്തില്‍ തന്നെ അതിനെക്കുറിച്ച് എഴുതിയത് ഇപ്രകാരമാണ്:
‘മാര്‍ക്സിസ്റ്റ് ഹുങ്കിനിരയായി കഷ്ടനഷ്ടങ്ങള്‍ സഹിക്കുന്ന പ്രസ്ഥാനമെന്ന നിലക്ക് ബി.ജെ.പി അവരുമായി അടുക്കുന്നതിന് അന്ന് ഒരു സാധ്യതയുമില്ല. പിന്നെയുള്ളത് ഐക്യമുന്നണിയാണ്. ഐക്യമുന്നണി കക്ഷികളും വിജയപ്രതീക്ഷ തീരെയില്ലെന്ന് കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു. ബി.ജെ.പിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്ന് അവരും അവരുമായി ബന്ധപ്പെട്ടുപോലും ജയിക്കണമെന്ന് ബി.ജെ.പിയും ചിന്തിച്ചു. ഒരു കൂട്ടുകെട്ട് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം പോലും ബി.ജെ.പിക്ക് വശമുണ്ടായിരുന്നില്ല. ‘പൂച്ചക്കാര് മണികെട്ടും’ എന്ന ശങ്കക്ക് അന്ത്യം കുറിച്ച് ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവത്തിന് കളമൊരുക്കിയത് രണ്ട് പത്രപ്രവര്‍ത്തകരാണ്’
ലീഗും ബി.ജെ.പിയും അടക്കുമോ എന്നതില്‍ പലര്‍ക്കും സംശയുമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനുമൊപ്പം ലീഗ് നേതാക്കളും ബി.ജെ.പി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തിയെന്ന് മാരാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക് വേദിയായി. ഒടുവിലുണ്ടായ ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയെ നിര്‍ത്താനും വടകര ലോകസഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാനും തീരുമാനിച്ചു.
ഡോ. കെ മാധവന്‍കുട്ടി
കെ.കരുണാകരനും പാണക്കാട് ശിഹാബ് തങ്ങളും ബി.ജെ.പി നേതാക്കളുമടക്കം നിരവധി പേര്‍ പ്രചരണത്തിനായി ബേപ്പൂരെത്തിയിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ബേപ്പൂരിലെ 20 സ്ഥലങ്ങളില്‍ പ്രചരണത്തിനെത്തി. കെ. മാധവന്‍ കുട്ടിയെ കെ.എം കുട്ടി എന്ന് അഭിസംബോധന ചെയ്തായിരുന്നു ശിഹാബ് തങ്ങളുടെ പ്രസംഗം.
1991 ല്‍ ബേപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം.പി ഗംഗാധരനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അഹല്യാശങ്കറുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാന അടിസ്ഥാനത്തില്‍ കോലിബി സഖ്യം രൂപപ്പെട്ടതോടെ കോണ്‍ഗ്രസിന്റെ എം.പി. ഗംഗാധരനും ബി.ജെ.പിയുടെ അഹല്യാശങ്കറും മുസ്ലിം ലീഗിന്റെ അഡ്വ. കെ. ആലിക്കോയയും നോമിനേഷന്‍ പിന്‍വലിക്കുകയായിരുന്നു.
അഡ്വ. രത്‌നസിംഗ്
ടി.കെ ഹംസയായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. തോറ്റെങ്കിലും 60413 വോട്ടാണ് മാധവന്‍ കുട്ടിയ്ക്ക് ലഭിച്ചത്. 6000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ടി.കെ. ഹംസ ജയിച്ചത്. 52 ശതമാനം വോട്ട് ടി.കെ ഹംസയ്ക്ക് ലഭിച്ചപ്പോള്‍ 47 ശതമാനം വോട്ട് മാധവന്‍കുട്ടിയ്ക്കും ലഭിച്ചു.
വടകരയില്‍ പിന്നീട് അറ്റോര്‍ണി ജനറല്‍ വരെയായ അഡ്വ രത്‌നസിങ്ങിനെ ബി.ജെ.പി നിര്‍ദേശിച്ചപ്പോള്‍ പൊതുസ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസും മുസ്ലീം ലീഗും അംഗീകരിച്ചു. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. ഉണ്ണികൃഷ്ണന് തന്നെയായിരുന്നു വിജയം.
അന്ന് 47 ശതമാനം വോട്ട് രത്നസിംഗ് നേടിയപ്പോള്‍ 49 ശതമാനം വോട്ടാണ് കെ.പി ഉണ്ണികൃഷ്ണന്‍ നേടിയത്.
ടി.കെ. ഹംസ
ധാരണയിലെ പരസ്യമായ ഈ നിലപാടിന് പുറമെ മഞ്ചേശ്വരത്ത് കെ.ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍ പിള്ള, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു.
കെ.ജി. മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസ്സും ലീഗും നല്‍കുമെന്ന് ഉറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെ തന്നെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സും എന്‍.എസ്.എസ്സും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാമെന്നായിരുന്നു ധാരണ. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര സീറ്റിലാണോ യു.ഡി.എഫ് വോട്ട് ലഭിക്കുന്നത് അത്രയും സീറ്റില്‍ തിരിച്ചും വോട്ട് ചെയ്യുമെന്ന് ബിജെപിയും ഉറപ്പുനല്‍കി.
കെ.പി. ഉണ്ണികൃഷ്ണന്‍
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം മറിച്ചായി. ബി.ജെ.പിയ്ക്ക് എവിടേയും ജയിക്കാനായില്ല. ധാരണപ്രകാരം യു.ഡി.എഫ് സഹകരിച്ചില്ലെന്ന് ബി.ജെ.പി പിന്നീട് കുറ്റപ്പെടുത്തി. ബേപ്പൂരില്‍ പക്ഷെ ലീഗ് പിന്തുണ കാര്യമായി തന്നെ മാധവന്‍കുട്ടിയ്ക്ക് ലഭിച്ചു.
മഞ്ചേശ്വരത്ത് 1000 ത്തോളം വോട്ടിനാണ് മാരാര്‍ തോറ്റത്. ബി.ജെ.പിയുമായുള്ള ധാരണയും രാജീവ്ഗാന്ധി വധവും യു.ഡി.എഫിന് അനുകൂലമായി. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
പിന്നീട് പല തെരഞ്ഞെടുപ്പിലും കോലീബി സഖ്യം ഇടതുമുന്നണി വിശേഷിച്ച് സി.പി.ഐ.എം ആരോപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലും തിരുവനന്തപുരത്തും കോലീബി സഖ്യമുണ്ടെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ചിരുന്നു.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അവിശുദ്ധമായ ഒരു രാഷ്ട്രീയ സഖ്യം പരീക്ഷിക്കപ്പെട്ടതിന്റെ 30-ാം വാര്‍ഷികത്തിലാണ് സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Congress League BJP Kerala Election