| Thursday, 1st February 2018, 3:15 pm

രാജസ്ഥാനില്‍ ബി.ജെ.പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്; ബംഗാളിലും ബി.ജെ.പിക്ക് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അല്‍വാര്‍: രാജസ്ഥാനില്‍ ബി.ജെ.പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസിന് ഉജ്ജ്വല വിജയത്തിലേക്ക്. മന്തല്‍ഗര്‍ അസംബ്ലി തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുന്നത്. അജ്മറിലേയും അല്‍വാറിലേയും രണ്ട് പാര്‍ലമെന്ററി സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക് അടുക്കുന്നത്.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് കനത്തതിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിടുന്നത്. രാജസ്ഥാനില്‍ ലീഡ് ഓരോ നിമിഷവും മാറിമറിയുന്നുണ്ട്. കോണ്‍ഗ്രസ് തലവന്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ വലിയ പ്രചരണ പരിപാടികള്‍ തന്നെയാണ് ഇത്തവണ നടത്തിയത്.

ആള്‍വാളില്‍ 39,000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനുള്ളത്. മണ്ഡല്‍ഗഡില്‍ 1800 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ ലീഡ്. അജ്‌മേറില്‍ 21000ത്തിലധികം വോട്ടുകളുടെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഘു ശര്‍മയ്ക്കുള്ളത്.

ബംഗാളിലെ നോപാര നിയമസഭ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 63,000 വോട്ടുകളുടെ ലീഡിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുനില്‍ സിങ്ങ് വിജയിച്ചത്. ഇവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്തും സിപിഎം മൂന്നാം സ്ഥാനത്തുമാണ്.

ബംഗാളിലെ ഉലുബേരിയ ലോക്‌സഭ മണ്ഡലത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണു ലീഡു ചെയ്യുന്നത്.

39 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള മൂന്നു മണ്ഡലങ്ങളിലുമായി 42 പേരാണ് ജനവിധി തേടുന്നത്. അജ്‌മേറില്‍ 23, ആള്‍വാറില്‍ 11, മണ്ഡല്‍ഗഡില്‍ എട്ട് എന്നിങ്ങനെയാണു സ്ഥാനാര്‍ഥികളുടെ എണ്ണം.

അജ്‌മേര്‍ എം.പി സന്‍വര്‍ലാല്‍ ജാട്ട്, ആള്‍വാര്‍ എം.പി ചന്ദ്‌നാഥ്, മണ്ഡല്‍ഗര്‍ എംഎല്‍എ കീര്‍ത്തികുമാരി എന്നിവര്‍ കഴിഞ്ഞ വര്‍ഷം മരിച്ചതിനെത്തുടര്‍ന്നാണു മൂന്നിടങ്ങളിലും ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

ബി.ജെ.പിയുടെ അഹങ്കാരത്തിന് ലഭിച്ച പ്രതിഫലമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. ബി.ജെ.പിയുടെ അഹങ്കാരത്തിനുള്ള മറുപടിയാണ് കോണ്‍ഗ്രസിന്റെ വിജയം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി വസുന്ധര രാജെ സ്ഥാനം രാജിവെച്ച് ഒഴിയണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more