ഭോപ്പാല്‍: മധ്യപ്രദേശില്‍ അവസാനഘട്ടം വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസ് കേവല ഭൂരപക്ഷത്തിലേക്ക്. മധ്യപ്രദേശിലെ 230- സീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ഒടുവിലെ നില അനുസരിച്ച് 104 സീറ്റില്‍ ബിജെപിയും 114 സീറ്റില്‍ കോണ്‍ഗ്രസുമാണ് മുന്നിട്ട് നില്‍ക്കുന്നത്. കേവല ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രമാണ് വേണ്ടത്. ലീഡ് നില മാറി മറിയുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍.
മായാവതിയുടെ ബി.എസ്.പി നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ള കക്ഷികള്‍ ഏഴോളം സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.എസ്.പി കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമഫലത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് കോണ്‍ഗ്രസിന് ഏറെ ആശ്വാസം പകരുന്നുണ്ട്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ രാജ്യത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം മുന്നേറിയത്. കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ നിര്‍ണായ ശക്തിയായ ബി.എസ്.പിയും മറ്റു കക്ഷികളും മാറി.
ഇരു പാര്‍ട്ടികളും പല സമയത്തും വിജയിച്ചു എന്ന് തോന്നിപ്പിച്ച ശേഷമാണ് ഫലം മാറിമറിഞ്ഞത്. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു എന്നത് കൊണ്ടുതന്നെ നിലവിലെ ഫലത്തെ ആശങ്കയോടുകൂടിയാണ് ഇരു ക്യാമ്പുകളും നോക്കിക്കാണുന്നത്. ബി.എസ്.പി നാല് സീറ്റിലും മറ്റുള്ളവര്‍ ആറ് സീറ്റിലും ഇപ്പോഴും ലീഡ് ചെയ്യുന്നുണ്ട്.
മധ്യപ്രദേശില്‍ വിജയത്തിലേക്ക് കുതിക്കുന്ന വിമതരും നിര്‍ണായകമാകും എന്നാണ് സൂചന. മധ്യപ്രദേശില്‍ 16 ബി.ജെ.പി വിമതരാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്, ഇതില്‍ ആറുപേര്‍ ലീഡ് നിലയില്‍ മുന്നിലാണ്. കോണ്‍ഗ്രസിന്റെ 13 വിമതരില്‍ മൂന്നുപേര്‍ മുന്നിലാണ്.
നേരിയ സാധ്യത ലഭിച്ചാല്‍ പോലും കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കും എന്നതിനാല്‍ അതീവജാഗ്രതയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം മധ്യപ്രദേശിലെ സ്ഥിതിഗതികള്‍ വീക്ഷിക്കുന്നത്. സംസ്ഥാന നേതാക്കളായ കമല്‍നാഥ്, ജ്യോതിരാദിത്യസിന്ധ്യ, മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് എന്നിവരുമായി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിരന്തരം ചര്‍ച്ച ചെയ്യുന്നുണ്ട്.