| Tuesday, 6th November 2018, 10:38 am

ബെല്ലാരിയില്‍ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം: ഒന്നരലക്ഷം വോട്ടിന് മുന്നില്‍; റെഡ്ഡി യുഗത്തിന് അന്ത്യം കുറിക്കുമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെല്ലാരി: കര്‍ണാടകയിലെ ലോക്സഭ, നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന്റെ മുന്നേറ്റം.

ആദ്യ ഘട്ടത്തില്‍ തന്നെ എല്ലാ മണ്ഡലത്തിലും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം ലീഡ് നേടിയിരുന്നു. ബെല്ലാരിയില്‍ ബി.ജെ.പിയേക്കാള്‍ ഒരു ലക്ഷം വോട്ടിനാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. വി.എസ് ഉഗ്രപ്പയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ബി. ശ്രീരാമലുവിന്റെ സഹോദരിയും മുന്‍ എം.പിയുമായ ജെ. ശാന്തയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

നൂറ് കണക്കിന് വരുന്ന കോണ്‍ഗ്രസ്- ജെ.ഡി.എസ് പ്രവര്‍ത്തകര്‍ ഇവിടെ ആഹ്ലാദപ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്. റെഡ്ഡി സഹോദരന്‍മാരുടെ യുഗത്തിന് അന്ത്യം കുറിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു ഇവിടെ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം ക്യാമ്പയിന്‍ നടത്തിയത്. എച്ച്.ഡി ദേവഗൗഡയും സിദ്ധരാമയ്യയും ഒരുമിച്ചെത്തി ഇവിടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ നടത്തിയിരുന്നു.

ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികള്‍ ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. കുടിവെള്ളപ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ തെരെഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നത്.


കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് വന്‍മുന്നേറ്റം


മണ്ഡലത്തിലെ എം.പിയായിരുന്ന ബി ശ്രീരാമലു നിയമസഭ തെരഞ്ഞെടുപ്പില്‍ മൊല്‍ക്കല്‍മാരു നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം.എല്‍.എയായതോടെയാണ് ബെല്ലാരിയില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

തെരഞ്ഞെടുപ്പിന് ശേഷമുള്ള നിരീക്ഷകരുടെ അഭിപ്രായം ബെല്ലാരിയില്‍ കോണ്‍ഗ്രസ് ജയിച്ചേക്കാം എന്ന് തന്നെയാണ്. മുസ്‌ലീങ്ങള്‍, കുറുബ, ലിംഗായത്തുകള്‍, മഡിക, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവരുടെ വലിയ ശതമാനം വോട്ട് ഇവിടെ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ വാല്‍മീകി, മറ്റ് പട്ടികജാതി സമുദായങ്ങള്‍ എന്നിവരുടെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചെന്നാണ് വിലയിരുത്തല്‍.

ബി.ജെ.പിയുടെ ഉറച്ച വോട്ട് ബാങ്കായ ലിംഗായത്തുകള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിയും ലിംഗായത്ത് സമുദായക്കാരനുമായ ബി.എസ് യെദ്യൂരപ്പയെ ശ്രീരാമലു ഒതുക്കാന്‍ ശ്രമിക്കുകയും അടുത്ത മുഖ്യമന്ത്രിയാകുവാന്‍ പരിശ്രമിക്കുന്നു എന്ന വികാരം ലിംഗായത്ത് സമുദായത്തിനിടക്ക് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more