ബി.ജെ.പി കോട്ടകള്‍ പിടിച്ചടക്കി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം: രണ്ടിടങ്ങളില്‍ ജയിച്ചു; രണ്ടിടങ്ങളില്‍ കൂറ്റന്‍ ലീഡ്
karnataka bypolls
ബി.ജെ.പി കോട്ടകള്‍ പിടിച്ചടക്കി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം: രണ്ടിടങ്ങളില്‍ ജയിച്ചു; രണ്ടിടങ്ങളില്‍ കൂറ്റന്‍ ലീഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 11:04 am

 

ബെംഗളുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ രണ്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് വിജയം. രാമനഗര, ജംഖണ്ഡി നിമയസഭാ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം വിജയിച്ചത്.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയായ അനിത കുമാരസ്വാമിയാണ് രാമനഗരയില്‍ മത്സരിച്ചത്. ബി.ജെ.പിയുടെ എല്‍ ചന്ദ്രശേഖരയായിരുന്നു അനിതയുടെ എതിരാളി. 70,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനിത വിജയിച്ചത്.

ജാംഖണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.എസ് ന്യാമഗൗഡയാണ് വിജയിച്ചത്. നേരത്തെ ജാംഖണ്ഡി പിടിച്ചെടുക്കുമെന്ന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു.

Also Read:കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് വന്‍മുന്നേറ്റം

ലോക്‌സഭാ മണ്ഡലമായ മാണ്ഡ്യയിലും ബെല്ലാരിയിലും മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം കാഴ്ചവെക്കുന്നത്. ഇരുമണ്ഡലങ്ങളിലും ഭൂരിപക്ഷം ഒരുലക്ഷം കടന്നു.

ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ, കാലങ്ങളായി ബി.ജെ.പി കയ്യടക്കിവെച്ച ബെല്ലാരിയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് മുന്നേറ്റം ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ബെല്ലാരിയില്‍ ഇതിനോടകം തന്നെ ഒന്നരലക്ഷം വോട്ടിന്റെ ലീഡ് നേടിയിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ മൂന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഷിമോഗയില്‍ ഇത്തവണ അദ്ദേഹത്തിന്റെ മകനാണ് മത്സരിക്കുന്നത്. 21000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നിലവില്‍ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്.

Also Read:പ്രായപരിധിയിലുള്ളവര്‍ ഇവിടെ എത്തില്ല, അതിന് പൊലീസുണ്ട്; പൊലീസ് മൈക്കിലൂടെ സന്നിധാനം നിയന്ത്രിച്ച് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി

ബെല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികള്‍ ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. കുടിവെള്ളപ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ തെരെഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നത്.

കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരെഞ്ഞെടുപ്പു ഫലം കൊണ്ട് നിര്‍ണയിക്കപ്പെടും. അതേസമയം, ബി.ജെ.പിക്കും അഭിമാനപോരാട്ടമായിരുന്നു ഇത്.