നേരത്തെ സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. തന്നെ അധിക്ഷേപിച്ച സംഭവത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ജോജു മുന്നോട്ടുവെച്ചു. ഇത് അംഗീകരിക്കാതിരുന്നതോടെ ജോജു കേസില്‍ കക്ഷി ചേര്‍ന്നു.
ഇതോടെയാണ് സമവായ സാധ്യത അടഞ്ഞത്. അതേസമയം, ഒത്തുതീര്‍പ്പിനു തയ്യാറായ ജോജു പിന്‍വാങ്ങിയതിനു പിന്നില്‍ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ഷിയാസ് ആരോപിച്ചിരുന്നു. ഇനി ജോജു മാപ്പ് പറയട്ടെയെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെയായിരുന്നു ജോജുവിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാക്കി ജനങ്ങളെ വലയ്ക്കുന്ന സമരത്തിനെതിരെ ജോജു ജോര്‍ജ് പരസ്യമായി രംഗത്തെത്തുകയും ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്തര്‍ക്കം ഉണ്ടാവുകയുമായിരുന്നു.
തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തകര്‍ക്കുകയായിരുന്നു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.
അതേസമയം, ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ചക്ര സ്തംഭന സമരം ആരംഭിക്കും. കൊച്ചിയിലെ സമരം മേനകാ ജംഗ്ഷനില്‍ രാവിലെ 11 മണിക്ക് ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്യും.
എന്നാല്‍ സമരത്തിന്റെ പേരില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന് കെ.പി.സി.സി നിര്‍ദേശം നിലവിലുണ്ട്. അതനുസരിച്ചായിരിക്കും സമരം.
മേനകാ ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ സമരം ചെയ്യുമെങ്കിലും ഗതാഗത തടസം ഉണ്ടാകില്ല. റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കിയായിരിക്കും സമരം നടത്തുക.